ഹൈദരാബാദ്: തെലങ്കാനയിൽ 75 പേർക്കുകൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ച് രണ്ടുപേർ മരിച്ചിട്ടുമുണ്ട്. ഇവരെല്ലാവരും തന്നെ നിസാമുദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന വിവരമാണ് ലഭിക്കുന്നത്. ഇതോടെ തെലങ്കാനയിലെ മൊത്തം രോഗികളുടെ എണ്ണം 229 ആയി ഉയർന്നിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 11 പേരാണ് രോഗം ബാധിച്ച് മരിച്ചത്. എന്നാൽ ഒടുവിലെ കണക്കുകൾ പ്രകാരം 32 കൊവിഡ് രോഗം ഭേദമായിട്ടുമുണ്ട്.
അതേസമയം, കൊവിഡ് ബാധിതരുടെ എണ്ണം തമിഴ്‌നാട്ടിലും ദിനം പ്രതി വർദ്ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് നിലവിൽ സംസ്ഥാനം. തമിഴ്‍നാട്ടിൽ പുതിയതായി 102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് 411 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുമാണ്.
ഇന്ന് കേരളത്തിൽ ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കാസർകോഡ് സ്വദേശികളായ ഏഴ് പേരിലും കണ്ണൂർ സ്വദേശിയായ ഒരാളിലും തൃശൂർ സ്വദേശിയായ ഒരാളിലുമാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതിൽ ഒരാൾ ഗുജറാത്തിൽ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്. സംസ്ഥാനത്ത് ഇതുവരെ 295 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് രോഗം ബാധിച്ച 14 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.