covid-

ന്യൂഡൽഹി : പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടയിലും രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2322 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 162 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ വെച്ച്‌ ഏറ്റവും വലിയ വര്‍ധനയാണിത്.

അതേസമയം നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ കൂടുതല്‍ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തെലങ്കാനയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 75 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. തമിഴ്നാട്ടിൽ ഇന്നുമാത്രം 102 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നൂറ് പേരും നിസാമുദ്ദീനിൽ നിന്ന് തിരിച്ചെത്തിയവരാണ്.

കേരളത്തില്‍ വെള്ളിയാഴ്ച ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് സ്വദേശികളായ ഏഴുപേര്‍ക്കും തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,027,156 ആയി. 54,028 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 209,981 പേര്‍ രോഗമുക്തി തേടി. നിലവില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ്. 2,45,573 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 6,058 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ സ്‌പെയിനാണ്. 1,17,710 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചത്. 10,935 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.