കൊവിഡ് -19ന്റെ തിക്തത നേരിട്ട് കണ്ട് അനുഭവിക്കുന്നതും മാദ്ധ്യമങ്ങളിലൂടെ വായിച്ച് മനസിലാക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മഹാഭൂരിപക്ഷം ജനങ്ങൾക്കും മാനസിക തലത്തിൽ ഭീതി വിതച്ച കൊവിഡ് - 19 എന്ന രോഗത്തിന്റെ ഭീകരമായ മുഖം അടുത്ത് കാണുന്ന ഒരു വിഭാഗമേ ഇന്ന് ഇന്ത്യയിലുള്ളൂ. അത് രാഷ്ട്രീയക്കാരല്ല, ഉദ്യോഗസ്ഥന്മാരല്ല, പൊലീസുകാരല്ല, എന്തിന് സാമൂഹ്യ പ്രവർത്തകർ പോലുമല്ല. മഹാമാരിക്കെതിരായ യുദ്ധത്തിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകർ മാത്രമാണ് രോഗിയെ മുഖാമുഖം കാണുന്നത്. അവരിൽ പ്രധാനമായും ഡോക്ടർമാരുണ്ട്. നഴ്സുമാരുണ്ട്. ഒരു പക്ഷേ ശുചീകരണ തൊഴിലാളികൾ പോലും കാണാം. ഈ യുദ്ധത്തിൽ ജീവൻ പണയം വച്ച് കുരുക്ഷേത്രത്തിൽ നിൽക്കുന്നത് ഈ ഒരു വിഭാഗം മാത്രമാണ്. അവരെ സ്തുതിച്ചുകൊണ്ട് പ്രധാനമന്ത്രി മുതൽ ഉള്ളവർ വിലപ്പെട്ട വാക്കുകൾ പറഞ്ഞു കഴിഞ്ഞു. അവശ്യ സർവീസിൽ ജോലി ചെയ്യുന്ന പല വിഭാഗങ്ങൾക്കും ഈ ലോക്ക് ഡൗൺ കാലത്തും ജോലി കഴിഞ്ഞ് വീട്ടിൽ പോകാം. കുടുംബാംഗങ്ങളോടൊപ്പം കുറച്ചെങ്കിലും സമയം ചെലവിടാം. എന്നാൽ കൊവിഡ് - 19 രോഗിയെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോകാനാകില്ല. ഷിഫ്റ്റ് കഴിഞ്ഞായാലും ക്വാറ െെന്റനിൽ കഴിയണം. ആതുര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതൊന്നും അത്ര അസാധാരണ കാര്യങ്ങളല്ല. പക്ഷേ എന്തെല്ലാം സുരക്ഷിതത്വ നടപടികൾ സ്വീകരിച്ചാലും, ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിൽ കൂടി രോഗം ആരോഗ്യ പ്രവർത്തകരെയും ബാധിച്ചിട്ടുണ്ട്. കേരളത്തിൽ കോട്ടയത്തും എറണാകുളത്തും രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നു. കൊവിഡ് രോഗികളെ പരിചരിച്ചിരുന്നവരാണിവർ. എന്നാൽ ശ്രീചിത്രയിൽ ഒരു ഡോക്ടർക്ക് രോഗം വന്നത് രോഗികളെ പരിചരിച്ചതിന്റെ ഭാഗമായല്ല. വിദേശ യാത്രയിൽ ലഭിച്ചതാണ്. അത് വ്യത്യസ്തമായ കേസായി കാണണം. ഡൽഹിയിൽ 6 ഡോക്ടർമാർക്ക് പരിശോധന പോസിറ്റീവാണ്. മറ്റു ചില ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് ഡൽഹി മുഖ്യമന്ത്രി കേജ്രിവാൾ മാതൃകാപരമായ ഒരു പ്രഖ്യാപനം നടത്തിയത്. കൊവിഡിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായി അത്യാഹിതം സംഭവിക്കുന്ന ആരോഗ്യ പ്രവർത്തകന്റെ കുടുംബത്തിന് ഒരു കോടി രൂപ സർക്കാർ ധനസഹായം നൽകുമെന്നാണ് പ്രഖ്യാപനം. ഈ സന്ദർഭത്തിൽ സ്തുതിവചനങ്ങളേക്കാൾ അവർക്ക് ആശ്വാസം പകരുന്ന ഒരു നടപടിയാണിത്. രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ജീവൻ നഷ്ടപ്പെടുന്ന പട്ടാളക്കാർക്ക് ഡൽഹി സർക്കാർ നേരത്തെ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച പദ്ധതി നിലവിലുണ്ട്. പട്ടാളക്കാർ ചെയ്യുന്ന പോലെയുള്ള ഒരു സേവനമാണ് കൊറോണയ്ക്കെതിരായ യുദ്ധത്തിൽ ആരോഗ്യ പ്രവർത്തകർ ചെയ്യുന്നതെന്നും അതിനാലാണ് പട്ടാളക്കാർക്ക് തുല്യമായി പരിഗണിച്ച് ഒരു കോടി നൽകി അവരുടെ കുടുംബങ്ങളെ സഹായിക്കാൻ തീരുമാനിച്ചതെന്നും ഡൽഹി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നതാണ് പദ്ധതി. പ്രൈവറ്റ് ആശുപത്രിയിലെ സ്റ്റാഫിനെയും പരിഗണിച്ചു. ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ആയിരിക്കും ഡൽഹി സംസ്ഥാനത്തിന്റെ സഹായം ലഭിക്കുക. കേന്ദ്രത്തിന്റെ പദ്ധതിയിൽ കരാർ തൊഴിലാളികളും മറ്റും ഉൾപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൊറോണക്കാലത്ത് ഭാരതത്തിന് തന്നെ മാതൃകയായ പല പദ്ധതികളും മാർഗങ്ങളും ആദ്യം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. നല്ല കാര്യങ്ങൾ ആരു ചെയ്താലും അത് മാതൃകയാക്കുന്നതിൽ ഒരു തെറ്റുമില്ല. കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കായി ഡൽഹി മാതൃക അവലംബിച്ചുകൊണ്ട് സഹായധന പ്രഖ്യാപനം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടതാണ്. ഇതിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം സർക്കാർ പരിഗണിക്കേണ്ട മറ്റൊരു വിഭാഗമാണ് പൊലീസ് സേനാംഗങ്ങൾ.
എല്ലാവരും വീട്ടിൽ അടച്ചിരിക്കുമ്പോൾ പൊലീസുകാരിൽ ഭൂരിപക്ഷവും എരിവെയിലത്ത് റോഡിൽ ഡ്യൂട്ടിയിലാണ്. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ പാലിക്കാൻ ശാസ്ത്രീയമായ അറിവുണ്ട്. എന്നാൽ പൊലീസിന് അതില്ല. അവർ ആകെ സ്വീകരിക്കുന്ന സുരക്ഷ ഒരു മാസ്ക് മാത്രം. ഒരു പൊലീസുകാരൻ എത്രപേരോട് റോഡിൽ സംസാരിക്കേണ്ടി വരും. ഡ്യൂട്ടിക്കിടയിൽ അവർക്കും കൊവിഡ് വരാനുള്ള സാദ്ധ്യത തള്ളാനാവില്ല. അതിനാൽ ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും കൊവിഡ് ബാധയാൽ അത്യാഹിതം സംഭവിച്ചാൽ അവരുടെ കുടുംബത്തിന് ആരുടെ മുന്നിലും യാചിക്കാതെ ജീവിക്കാനുള്ള സഹായധനം പ്രഖ്യാപിക്കാൻ സർക്കാർ അമാന്തിക്കരുത്. ഈ കൊവിഡ് കാലത്തെ ഏറ്റവും വലിയ മനുഷ്യകാരുണ്യ പ്രവർത്തനമായി അത് മാറാതിരിക്കില്ല.