ന്യൂഡൽഹി: കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയ്ക്കെതിരെ പരിഹാസവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. മുൻപ് കൈയടിക്കാൻ ആളുകളോട് ആവശ്യപ്പെട്ടപ്പോൾ, അവർ റോഡുകളിൽ തിങ്ങിനിറഞ്ഞ് ചെണ്ട കൊട്ടിയെന്നും ഇപ്പോൾ അവർ സ്വന്തം വീടുകൾ കത്തിക്കില്ലെന്ന് താൻ പ്രതീക്ഷിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ പരിഹാസരൂപേണയുള്ള പരാമർശം.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'സർ, ഞങ്ങൾ ദീപം തെളിക്കാം, പക്ഷേ നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി സർക്കാർ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം.' റാവത്ത് ട്വീറ്റ് ചെയ്തു.
കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ സംഘടിതമായ ഇച്ഛാശക്തി പ്രകടിപ്പിക്കാൻ ഞായറാഴ്ച രാത്രി 9 മണിക്ക് ഒൻപത് മിനിറ്റ് വീടുകളിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്ന് ഒരു വീഡിയോ സന്ദേശത്തിലാണ് ജനങ്ങളെ മാനസികമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മോദിയുടെ ആഹ്വാനം വന്നത്.