ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് ബംഗ്ലാദേശിലോ മറ്റ് വിദേശ രാജ്യങ്ങളിലോ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം..
ബംഗ്ലാദേശിൽ കുടുങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ തിരിച്ചെത്തിക്കാനായി അഭിഭാഷകനായ ഗൗരവ് കുമാർ ബെൻസാൽ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് ബാധിത രാജ്യങ്ങളിൽനിന്നുള്ളവർ തിരിച്ചെത്തുമ്പോഴുണ്ടാകുന്ന അപകട സാദ്ധ്യത ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് എല്ലാ സഹായ സൗകര്യങ്ങളും ഒരുക്കും. . വിദേശത്തുള്ളവർക്ക് ബന്ധപ്പെടാന്‍ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലും ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലോ മറ്റുരാജ്യങ്ങളിലോ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി ആസൂത്രണം ചെയ്യാൻ മന്ത്രാലയത്തിന് സാധിക്കില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം വിശദീകരിച്ചു.
ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 15 വരെ ചൈന, ജപ്പാന്‍, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നായി 1698 പേരെ ഇതുവരെ കേന്ദ്രം ഇന്ത്യയില്‍ തിരിച്ചെത്തിച്ച് ക്വാറന്റൈന്‍ ചെയ്തു. അതേസമയം നിലവില്‍ ഇന്ത്യയില്‍ പരിമിതമായ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ മാത്രമേ ലഭ്യമുള്ളുവെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം സൂചിപ്പിച്ചു.