trump

വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1480 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 7328 ആയി. ഇതിൽ ന്യൂയോർക്കിൽ നിന്നാണ് ഭൂരിഭാഗം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ അമേരിക്കയിൽ മൂന്ന് ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യമാണെങ്കിലും അമേരിക്ക സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. പകരം ആളുകൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ്. വൈറസ് വ്യാപനം രൂക്ഷമായ മേഖലകളിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ നിർത്താനും പദ്ധതിയുണ്ട്. അതിനിടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയ യു.എസ് പൗരന്മാരെ തിരികെയെത്തിക്കാൻ നടപടികൾ ആരംഭിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷത്തോളമായി. വെള്ളിയാഴ്ച മാത്രം 82,745 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിലെ അവസ്ഥയും ഗുരുതരമായി തുടരുകയാണ്. ഇന്നലെ 766 പേരാണ് രാജ്യത്ത് മരിച്ചത്. സ്‌പെയിനിൽ മരണസംഖ്യ പതിനായിരം കടന്നു.

ഇറാനിൽ മരണം 3,000 കവിഞ്ഞു. രാജ്യത്ത് അരലക്ഷത്തോളം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ബിസിനസ് സ്ഥാപനങ്ങൾ 27ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചു. ഇറാൻ ജനപ്രതിനിധി സഭയായ ഇസ്‌ലാമിക് കൺസർവേറ്റീവ് അസംബ്ലി സ്‌പീക്കർ അലി ലാരിജാനിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ഇന്ത്യയിൽ 62പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 478 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2500 കടന്നു. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 28 ശതമാനവും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.