ഇടുക്കി: തേനിയിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിയിലെ കുമളിയടക്കമുള്ള പ്രദേശങ്ങൾ കടുത്ത ജാഗ്രതയിൽ. ഇരുപതുപേർക്കാണ് തേനിയിൽ രോഗം സ്ഥിരീകരിച്ചത്. ചരക്കുമായി വരുന്ന വാഹനങ്ങൾ അണുനാശിനി തളിച്ചും ആളുകളെ കർശനമായി പരിശോധിച്ചശേഷവും മാത്രമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.
കുമളി,കമ്പംമേട്ട്,ബോഡിമേട്ട് ചെക്ക്പോസ്റ്റുകളിലാണ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ തേനി ജില്ലയിലെ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ കേരളത്തോട് ചേർന്ന പ്രദേശത്തിലുള്ളവർക്കാണ്.
വിലക്ക് മറികടന്ന് തമിഴ്നാട്ടിൽ നിന്നുവരുന്ന തോട്ടം തൊഴിലാളികെ പരിശോധിക്കാൻ ഡ്രോണടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പച്ചക്കറിക്കും മറ്റുഅവശ്യസാധനങ്ങൾക്കായി ഇടുക്കിക്കാർ കൂടുതൽ ആശ്രയിക്കുന്നത് തേനിയേയും ബോഡിനായക്കന്നൂരിനേയുമാണ്.