കൊച്ചി: ഒമാൻ സ്വദേശികൾക്ക് പിന്നാലെ, കേരളത്തിലും തമിഴ്‌നാട്ടിലും കുടുങ്ങിയ പാരീസ് പൗരന്മാരും നാട്ടിലേക്ക് മടങ്ങി. നെടുമ്പാശേരിയിൽ നിന്നും പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് 122 പേരടങ്ങുന്ന സംഘം മുംബയിലേക്കും അവിടെ നിന്നും പാരീസിലേക്കും പറന്നത്.
ആയുർവേദ ചികിത്സയ്ക്കും വിനോദ സഞ്ചാരത്തിനുമായാണ് 122 പേർ ഇരു സംസ്ഥാനങ്ങളിലും എത്തിയത്. ഇതിനിടെ കൊവിഡ്19 വ്യാപമാകുകയും രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ പാരീസ് പൗരന്മാർ പലയിടങ്ങളിലായി കുടുങ്ങി.
നിരീക്ഷണ കാലയളവ് പൂർത്തിയാക്കി രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവരെ നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്. ഇതിനിടെ, നാട്ടിലേക്ക് തിരിച്ച് പോകണമെന്ന് ഇവർ എംബസി മുഖേന അപേക്ഷിക്കുകയും ചെയ്തിരുന്നു.
ചികിത്സയ്ക്കും മറ്റുമായി കൊച്ചിയിലെത്തി ലോക്ക് ഡൗണിൽ കുടുങ്ങിയ ഒമാൻ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിന് ഒമാൻ എയർ ഇന്നലെ പ്രത്യേക സർവീസ് നടത്തിയിരുന്നു. ഇവിടെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷമായിരുന്നു 46 പേർ മടങ്ങിയത്. 7 പേർക്ക് ആരോഗ്യകാരണങ്ങളാൽ പോകാനായില്ല.