കാസർകോട്: കഴിക്കാൻ ഭക്ഷണമോ താമസിക്കാൻ വീടോ നൽകാതെ അന്യസംസ്ഥാന തൊഴിലാളികളെ കരാറുകാരൻ പീഡിപ്പിക്കുന്നു എന്ന പരാതി അന്വേഷിക്കാൻ ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ കണ്ടത് ബീഫും നെയ്ച്ചോറും കഴിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ. തൃക്കരിപ്പൂർ പൊറോപാടുള്ള ക്യാമ്പിലാണ് അന്യസംസ്ഥാന തൊഴിലാളികൾ ഇന്നലെ മതിയാവോളം ബീഫും നെയ്ച്ചോറും കഴിക്കുന്ന ദൃശ്യം കണ്ടത്.
ഹൊസ്ദുർഗ് തഹസിൽദാർ എൻ. മണി രാജ്, ഡപ്യൂട്ടി തഹസിൽദാർ ഇ.വി വിനോദ്, കാസർകോട് ജില്ലാ ലേബർ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ആണ് ഇന്നലെ പൊറോപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെത്തിയത്. നൂറ്റിമുപ്പതോളം അന്യസംസ്ഥാന തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. കൊവിഡ് ലോക്ക് ഡൗൺ കാരണം കരാറുകാരൻ ഇവർക്കൊന്നും ഭക്ഷണം നല്കുന്നില്ല എന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ആരെയും അറിയിക്കാതെ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്.
എന്നാൽ പരിശോധന വിവരം ചോർന്നത് കൊണ്ടാണ് തൊഴിലുടമ ഇവർക്ക് ഭക്ഷണം കൃത്യമായി തയ്യാറാക്കി എത്തിച്ചതെന്ന് അധികൃതർ വിലയിരുത്തി. സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ പോകുന്ന കാര്യം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് അധികൃതരെ തഹസിൽദാർ അറിയിച്ചിരുന്നു. പഞ്ചായത്ത് ഓഫീസിൽ നിന്ന് കരാറുകാരന് വിവരം ചോർന്നു കിട്ടി എന്നാണ് കരുതുന്നത്. പഞ്ചായത്ത് സെക്രട്ടറിയെയും അധികൃതർ ക്യാമ്പിലേക്ക് കൂട്ടിയിരുന്നു.
അല്ലാത്ത ദിവസങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും വെറും അവിൽ മാത്രമാണ് തൊഴിലാളികൾക്ക് കിട്ടിയിരുന്നത്. ഉദ്യോഗസ്ഥർ വരുന്നതറിഞ്ഞാണ് ബീഫും നെയ്ച്ചോറും പ്രത്യേകം തയ്യാറാക്കി കരാറുകാരൻ ക്യാമ്പിൽ എത്തിച്ചത്. 18 അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കരോളം ക്യാമ്പും ഉദ്യോഗസ്ഥർ സന്ദർശിച്ചു. ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ എത്തിച്ച് അടിമ കച്ചവടം തന്നെയാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. തൊഴിലാളികൾക്ക് തുച്ഛമായ കൂലി നൽകി വൻ തുക തൊഴിൽ ഉടമയായ കരാറുകാരൻ അടിച്ചു മാറ്റുകയാണ്. ലേബർ കോൺട്രാക്ട് എടുത്താണ് തൊഴിലാളികളെ കൊണ്ടു വന്ന് ജോലിക്ക് വിട്ടുകൊടുക്കുന്നത്.
ഇതിലൂടെ വലിയ തുകയാണ് ഏജന്റുമാരും കരാറുകാരും സമ്പാദിക്കുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ്, കൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തോമസ് എന്നിവരാണ് ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.