lock-down

കോട്ടയം: വിദേശമദ്യം കിട്ടാതായതോടെ വ്യാജവാറ്റ് കൂടി. നാടൻ ചാരായം എവിടെയും സുലഭം. എക്സൈസ് ഒന്നിനു പിറകെ ഒന്നായി പിടിക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടിൽ നിന്നും വ്യാജചാരായവും വാറ്റ് ചാരായവും കേരളത്തിലേക്ക് പ്രവഹിക്കുകയാണ്. സ്പിരിറ്റ് വെള്ളം ചേർത്ത് നേർപ്പിച്ചാണ് വ്യാജചാരായം വിതരണം ചെയ്യുന്നത്. ഇത് പ്രധാനമായും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. ലഹരി കൂടാൻ ഇതിൽ കഞ്ചാവ് സത്തും ചേർക്കുന്നുണ്ട്.

ഇത് കേരളത്തിലെത്തിക്കാൻ പ്രത്യേക ഏജന്റുമാരുണ്ട്. പച്ചക്കറി ലോറികളിലാണ് ഇത് പ്രധാനമായും എത്തുന്നത്. കൂടാതെ സവാള, ഉള്ളി തുടങ്ങിയവ കൊണ്ടുവരുന്ന ലോറികളിലും ഇത് കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്. ഒരു ലിറ്റർ വ്യാജചാരായത്തിന് 180 രൂപയാണ് വില. നേരത്തെയും ഇത് കേരളത്തിലെത്തിയിരുന്നെങ്കിലും വളരെ കുറവായിരുന്നുവെന്ന് ഇടുക്കി രാജകുമാരി സ്വദേശി പറയുന്നു.

എന്നാൽ ഇപ്പോൾ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പരക്കെ ചാരായം വാറ്റുന്നുണ്ട്. വാറ്റുചാരയം ഒരു ലിറ്റർ കിട്ടണമെങ്കിൽ 250 രൂപയാണ് വില. ആളും തരവും കണ്ടേ വാറ്റ് ചാരായം വിതരണം ചെയ്യുകയുള്ളു. വിദേശമദ്യക്കടകൾ അടഞ്ഞതോടെ ഞൊടിയിടയിലാണ് വാറ്റുകാർ രംഗപ്രവേശനം ചെയ്തത്. ഇന്നലെ കേരള-തമിഴ്നാട് അതിർത്തിയിൽ പടുതാക്കുളത്തിൽ സൂക്ഷിച്ചിരുന്ന 1300 ലിറ്റർ കോടയാണ് എക്സൈസ് എത്തി കമഴ്ത്തി കളഞ്ഞ് നശിപ്പിച്ചത്.

രാമൽക്കൽമേട് വ്യൂ പോയിന്റിന് സമീപത്തുനിന്നാണ് വാറ്റാൻ പാകമായ അഞ്ച് ബാരലുകളിലായി സൂക്ഷിച്ചിരുന്ന കോട കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്തുനിന്ന് നാല് കേസുകളിലായി 3,000 ലിറ്റർ കോടയും ചാരായവും പിടിച്ചെടുത്തിരുന്നതായി ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ജി ടോമി പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വാറ്റ് ചാരായവും കോടയും എക്സൈസ് പിടിച്ചെടുത്തിരുന്നു.