റിയാദ്: കൊവിഡ് നിയന്ത്രണങ്ങളാൽ പ്രതിസന്ധിയിലായ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരൻമാരായ ജീവനക്കാരുടെ ശമ്പളത്തിന്റെ 60 ശതമാനം സർക്കാർ നല്കും. ഇതിനായി 900 കോടി റിയാൽ വകയിരുത്തി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിറക്കി. സോഷ്യൽ ഇൻഷ്വൻസിൽ രജിസ്റ്റർ ചെയ്ത വേതനത്തിന്റെ 60 ശതമാനമാണ് ഇതിനായി നൽകുക. ഇത് മൂന്ന് മാസം നൽകും. 12 ലക്ഷം സൗദി ജീവനക്കാർക്ക് ഇതു പ്രയോജനം ചെയ്യും.
സൂപ്പർമാർക്കറ്റ്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് ഏജൻസി, കാപ്പിറ്റൽ മാർക്കറ്റ് ലൈസൻസുള്ള കമ്പനികൾ, ടെലികോം കമ്പനികൾ തുടങ്ങിയവയിലെ സ്വദേശി ജീവനക്കാർക്കും വിദേശി തൊഴിലാളികൾക്കും ആനുകൂല്യം ലഭിക്കില്ല. സൗദി ജീവനക്കാരെ ഈ കാലയളവിൽ ജോലി ചെയ്യിക്കാൻ നിർബന്ധിക്കരുതെന്നും പിരിച്ചുവിടരുതെന്നും കമ്പനികൾക്ക് നിർദേശം നൽകി. ഇതിനുപകരമായാണ് എല്ലാ സ്വകാര്യ കമ്പനികൾക്കും ആനുകൂല്യം നൽകുന്നത്. നിയന്ത്രണംമൂലം പ്രതിസന്ധിയിലായ സ്വകാര്യ മേഖലയ്ക്ക് കഴിഞ്ഞ ദിവസം 1,700 കോടി റിയാൽ അനുവദിച്ചിരുന്നു. കമ്പനികളുടെ സാമ്പത്തിക, തൊഴിൽ പ്രതിസന്ധികൾ മറികടക്കാനാണ് സഹായം. ജൂൺ 30നുമുമ്പ് ഇഖാമ കാലാവധി കഴിയുന്ന പ്രവാസി തൊഴിലാളികൾക്ക് മൂന്നു മാസത്തേക്ക് ഫീസ് ഈടാക്കാതെ കാലാവധി നീട്ടി നല്കും.