ai
ഐ ഫെൻ

ബീജിംഗ്: ചൈനയിൽ മരണതാണ്ഡവമാടിയ കൊവിഡ് -19 വൈറസിനെ പറ്റി ആദ്യം മുന്നറിയിപ്പ് നൽകിയ വുഹാൻ സെൻട്രൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഐ ഫെന്നിനെ ദുരൂഹ സാഹചര്യ​ത്തിൽ കാണാതായി. ഇവരെ ചൈനീസ് പൊലീസ് തടവിലാക്കിയിരിക്കാമെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്‌തു. വുഹാൻ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്നു ഐ ഫെൻ. അവർ ഇപ്പോൾ എവിടെയെന്നു പോലും അറിയില്ല. കൊവിഡ് രൂക്ഷമാകും മുമ്പ് അത് മറച്ചുവയ്ക്കാൻ ചൈന ശ്രമിച്ചെന്ന ആരോപണം നിലനിൽക്കെയാണ് വൈറസ് ബാധ ആദ്യം വെളിപ്പടുത്തിയ വനിതാ ഡോക്ടറുടെ തിരോധാനം.

ഐ ഫെന്നിൽ നിന്ന് വിവരമറിയുകയും അത് പ്രചരിപ്പിക്കുകയും ചെയ്‌ത ഡോ. ലീ വെൻ ലിയാങ് ഫെബ്രുവരി ആദ്യം മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന് അറസ്റ്റ് ഭീഷണിയുണ്ടായിരുന്നു. വുഹാൻ പ്രവിശ്യയിലാണ് ആദ്യം രോഗബാധ കണ്ടത്. ഇക്കാര്യം ഡോ. ഐ ഫെൻ സീനിയർ ഡോക്ടർമാരെ അറിയിച്ചെങ്കിലും അവർ ഐ ഫെന്നിനെ ശകാരിച്ച് വിവരം ഒതുക്കുകയായിരുന്നു.

രോഗത്തെക്കുറിച്ച് പരസ്യ മുന്നറിയിപ്പ് നൽകുന്നതിൽ നിന്ന് അധിക‌ൃതർ തന്നെയും സഹപ്രവർത്തകരെയും വിലക്കിയിരുന്നതായി രണ്ടാഴ്ച മുമ്പ് ഐ ഫെൻ ചൈനീസ് സോഷ്യൽ മീഡിയ സൈറ്റ് ആയ വെയ്ബോയിൽ (Weibo) വെളിപ്പെടുത്തിയിരുന്നു.അതിനു പിന്നാലെ അവർ തടങ്കലിലായെന്നാണ് സംശയം. പിന്നീട് ഐ ഫെൻ പോസ്റ്റ് ചെയ്‌ത ദുരൂഹമായ ഒരു കുറിപ്പാണ് ഈ സംശയത്തിന് അടിസ്ഥാനം. ''ഒരു നദി, ഒരു പാലം, ഒരു റോഡ്, ഒരു ക്ലോക്കിന്റെ മണിമുഴക്കം...''എന്നായിരുന്നു കുറിപ്പ്,. ഇതിനൊപ്പം വുഹാൻ നഗരത്തിന്റെ ഒരു ഫോട്ടോയും ഇട്ടിരുന്നു! തടവിലാക്കപ്പെട്ട സ്ഥലത്തെക്കുറിച്ചുള്ള സൂചനയാണോ ഐ ഫെൻ നൽകിയത്?

ഐ ഫെൻ ചെയ്‌തത്

@ 2019 ഡിസംബർ 18 വുഹാൻ മാംസ മാർക്കറ്റിലെ ഒരു തൊഴിലാളിക്ക് ശ്വാസകോശത്തിൽ അണുബാധ ഐ ഫെൻ കണ്ടെത്തി

@ ഡിസംബർ 27- മാംസ മാർക്കറ്റുമായി ബന്ധമില്ലാത്ത ഒരാൾക്കും സമാന രോഗം.

@ ഡിസംബർ 30 -രണ്ടാമത്തെ രോഗിയുടെ പരിശോധനാഫലത്തിൽ അണുബാധയുടെ കാരണം സാർസ് കൊറോണ വൈറസ് എന്നു കണ്ടു

@ ഐ ഫെൻ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു.

@ റിസൾട്ട് ഷീറ്റിൽ സാർസ് എന്ന വാക്ക് ചുവന്ന മഷിക്ക് വട്ടം വരച്ച ഐ ഫെൻ അതിന്റെ ചിത്രം എടുത്ത് മറ്റൊരു ആശുപത്രിയിലെ ഡോക്ടർക്ക് അയച്ചുകൊടുത്തു. അവിടെ നിന്ന് അത് മെഡിക്കൽ വ‌ൃത്തങ്ങളിലാകെ പ്രചരിച്ചു.

@ 2020 ജനുവരി 11- സിവേയിയിലെ ഒരു നഴ്‌സിന് രോഗബാധ. ഐ ഫെൻ വിവരം അറിയിച്ചു.

@ ഫെബ്രുവരി 13- ഐഫെന്നിനെ പ്രകീർത്തിച്ച് മാദ്ധ്യമ വാർത്തകൾ

@ വൈറസ് ബാധിച്ച് ഐ ഫെൻ മരിച്ചതായി റിപ്പോർട്ട്. തുടർന്ന്, താൻ ജീവിച്ചിരിപ്പുണ്ടെന്ന് ഐ ഫെന്നിന്റെ വിശദീകരണം

@മാർച്ച് 10 - ചൈനയിലെ പീപ്പിൾസ് മാഗസിൻ ഐ ഫെന്നിന്റെ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചു. രോഗം രൂക്ഷമായതിനു പിന്നിൽ ചൈനീസ് അധികാരികളുടെ വീഴ്ചയെന്ന് ഐ ഫെൻ അതിൽ തുറന്നടിച്ചു.

@ മൂന്ന് മണിക്കൂറിനുള്ളിൽ ചൈനീസ് സെൻസർ അധികാരികൾ റിപ്പോർട്ട് പിൻവലിപ്പിച്ചു.

@ ഏപ്രിൽ 3- ഐ ഫെന്നിനെ കാണാനില്ലെന്ന് വിവിധ ചാനലുകൾ റിപ്പോർട്ട് ചെയ്‌തു.