കാസർകോട്: തീവ്ര ബാധിത പ്രദേശമായി പ്രഖ്യാപിച്ച കാസർകോട് ജില്ലയിലേക്ക് ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം നാളെ എത്തും. തിരുവനന്തപുരത്തു നിന്നുള്ള 25 അംഗങ്ങളടങ്ങുന്ന വിദഗ്ദ മെഡിക്കൽ സംഘമാണ് കാസർകോട് എത്തുന്നത്. 10 ഡോക്ടർമാർ, 10 ജൂനിയർ നഴ്സുമാർ, 5 നഴ്സിംഗ് അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്ന സംഘം ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായി ഉണ്ടാകും. തീവ്ര ബാധിത പ്രദേശങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് മെഡിക്കൽ സംഘം വരുന്നത്. കാസർകോട് മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയായി മാറ്റുന്ന നടപടിയും വേഗത്തിൽ ആയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡ് ആയി മാറുമ്പോൾ അവിടേക്കുള്ള ഡ്യൂട്ടിക്കും ഈ മെഡിക്കൽ സംഘത്തെ ഉപയോഗിക്കുമെന്നാണ് അറിയുന്നത്.
ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ സംഘം കാസർകോട് എത്തുന്നത്. അതിനിടെ പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാല ലാബിൽ കൊവിഡ് -19 മായി ബന്ധപ്പെട്ട് സ്രവ പരിശോധന ആരംഭിച്ചു. ആദ്യദിനം 10 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. തുടർന്ന് വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ ഫലം പരിശോധിക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. ലാബ് പൂർണ്ണ പ്രവർത്തന സജ്ജമാക്കുന്നതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ഫലം എളുപ്പത്തിൽ ലഭിക്കും.