covid-19

ന്യൂഡൽഹി: ഇന്ത്യ മുഴുവൻ കൊവിഡ് ഭീതിയിലാണ്. ഇന്നലെ മാത്രം 575 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2500 കടന്നു. നിലവിൽ 71 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 194 പേർ രോഗമുക്തരായി. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 28 ശതമാനവും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

അതേസമയം, മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച സ്‌ത്രീ രോഗമുക്തയായി. കൂടാതെ ഉത്തർപ്രദേശിൽ 26 പേർക്കും, രാജസ്ഥാനിൽ 12 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവയിൽ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു, ഇതോടെ ആകെ രോഗികളുടെ എണ്ണം ഏഴായി.

കേരളത്തിൽ ഇന്നലെ ഒൻപത് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോഡ് സ്വദേശികളായ ഏഴ് പേരിലും കണ്ണൂർ സ്വദേശിയായ ഒരാളിലും തൃശൂർ സ്വദേശിയായ ഒരാളിലുമാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതിൽ ഒരാൾ ഗുജറാത്തിൽ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്.


സംസ്ഥാനത്ത് ഇതുവരെ 295 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച 14 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കോട്ടയത്തെ ആരോഗ്യപ്രവർത്തകയും റാന്നിയിലെ വൃദ്ധ ദമ്പതികളും രോഗം ഭേദമായവരുടെ കൂട്ടത്തിൽ പെടും. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് 19 അവലോകന വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. വൃദ്ധ ദമ്പതികൾ രോഗമുക്തി നേടിയത് ആരോഗ്യ സംവിധാനത്തിന്റെ മികവിനെയാണ് എടുത്തുകാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇന്നുമുതൽ റാപ്പിഡ് ടെസ്റ്റുകൾ ആരംഭിക്കും. സംസ്ഥാനത്തെ രണ്ടാമത്തെ മരണം സംഭവിച്ച പോത്തൻകോട് നിന്നാണ് ടെസ്റ്റ് ആരംഭിക്കുക.