കൂത്തുപറമ്പ്: കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി. പ്രമോദന്റെ നേതൃത്വത്തിൽ വടക്കേ പൊയിലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് പിടികൂടി. വാഷ് സൂക്ഷിച്ചു വച്ച തൃപ്പങ്ങോട്ടൂർ പൊയിലൂർ പൂവത്താൻമൽ വീട്ടിലെ വിഭിലാഷ് ഓടി രക്ഷപ്പെട്ടു.
രാത്രി 10 മണിയോടെയായിരുന്നു സംഭവം. 200 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് ബാരലിൽ 150 ലിറ്ററോളം വാഷാണ് സൂക്ഷിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തുകയായിരുന്നു. എക്‌സൈസുകാരെ കണ്ട പ്രതി വീടിനു പുറകു വശത്തു കൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പേരിൽ വാഷ് സൂക്ഷിച്ചു വച്ചതിന് കൂത്തുപറമ്പ് എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രതിക്കു വേണ്ടിയുള്ള തെരച്ചിൽ എക്‌സൈസ് ഊർജിതമാക്കി. പ്രിവന്റീവ് ഓഫീസർ കെ. ശ്രീജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, പി. ജലീഷ്, കെ.എ പ്രനിൽകുമാർ, എം. സുബിൻ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തിലധികം ലിറ്റർ വാഷ് ആണ് കൂത്തുപറമ്പ് എക്‌സൈസ് പിടികൂടിയത്. റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ മദ്യ നിർമ്മാണ സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.