vegitable-price

കൊല്ലം: അവശ്യസാധനങ്ങൾക്ക് ക്രമരഹിതമായി വില ഉയർത്തിയാൽ മുട്ടൻ പണിയുമായി വിജിലൻസ് സംഘം. വിപണിയിൽ ആളറിയാത്ത വിധം ഉദ്യോഗസ്ഥരെത്തുന്നു. സഞ്ചിയും കവറുമൊക്കെയായി സാധനങ്ങൾ വാങ്ങാനെന്ന തരത്തിലാണ് ഉദ്യോഗസ്ഥരെത്തുക. ഒരു കിലോ ചെറിയ ഉള്ളിക്ക് 150 രൂപ തന്നേ തീരൂവെന്ന് ഉടമ വാശി പിടിക്കുന്നത് ചിലപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥനോടാകാം. അങ്ങനെയെങ്കിൽ പിഴ ഒടുക്കിയാൽ മാത്രം പോരാ, ചിലപ്പോൾ തടവ് ശിക്ഷയും അനുഭവിക്കേണ്ടിവരും. വിജിലൻസ് കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന തുടരുകയാണ്. ഇന്നലെ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി, ആഞ്ഞിലിമൂട് ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.

വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കാണ് ആദ്യത്തെ പിടി വീഴുക. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് ഉടമയ്ക്കെതിരെ നിയമ നടപടികൾക്ക് ശുപാർശ ചെയ്യും. പൂഴ്‌ത്തി‌വയ്പ്പ് ശ്രദ്ധയിൽപ്പെട്ടാൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ വിവരം നൽകി പൊലീസ് സഹായത്തോടെ സാധനങ്ങൾ പിടിച്ചെടുത്തത് കേസ് രജിസ്റ്റർ ചെയ്യും.

അരി, പലചരക്ക് സാധനങ്ങൾ, പച്ചക്കറി തുടങ്ങിയവയുടെ വിൽപ്പന കേന്ദ്രങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെങ്കിലും ലോക്ക് ഡൗൺ മറയാക്കി അമിത വില ഈടാക്കുന്ന എല്ലായിടത്തും ഏത് നിമിഷവും വിജിലൻസ് എത്തിയേക്കാം. കുപ്പിവെള്ളത്തിന് 13 രൂപയേ ഈടാക്കാവൂ എന്ന സർക്കാർ ഉത്തരവ് പുറത്തുവന്ന ശേഷവും ഇത് അംഗീകരിക്കാൻ പലരും തയ്യാറായിട്ടില്ല. കുപ്പിവെള്ളത്തിന് പഴയതുപോലെ 20 രൂപ ഈടാക്കുന്നവരും പിടിയിലാകും. അമിത വില ഈടാക്കുന്നുവെന്ന കേസ് ചുമത്തി ഇവർക്കെതിരെ നടപടിയെടുക്കും.