കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവർ എല്ലാവരും തന്നെ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. ഇതോടെ കേരളത്തിലെ ആദ്യ കൊവിഡ് മുക്ത ജില്ലയായി കോട്ടയം മാറി. കോവിഡ്-19 ലക്ഷണങ്ങളോടെ റാന്നി ഐത്തല സ്വദേശികളായ തോമസ് (93), ഭാര്യ മറിയാമ്മ (87) എന്നിവർ ഇന്നലെ ആശുപത്രി വിട്ടിരുന്നു. ഇവരെ ശുശ്രൂഷിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസും രോഗം മാറി ഇന്നലെ മടങ്ങി. രണ്ടാഴ്ച മുമ്പാണ് രേഷ്മയ്ക്ക് രോഗലക്ഷണം ഉണ്ടായത്. തുടർന്നുള്ള പരിശോധനയിൽ കോവിഡ്-19 വൈറസ് ബാധിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. നഴ്സിന് രോഗം പിടിപെട്ടത് ആരോഗ്യമേഖലയെ ഞെട്ടിപ്പിച്ചിരുന്നു.
ഇറ്റലിയിൽ ജോലി ചെയ്തിരുന്ന മകനിൽ നിന്നാണ് തോമസിനും മറിയാമ്മയ്ക്കും കൊറോണ ബാധ ഉണ്ടായത്. ഇയാളുടെ ഭാര്യക്കും മകനും രോഗം പിടിപെട്ടിരുന്നതായി സ്രവ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇവർ പത്തനംതിട്ട കോഴഞ്ചേരിയിലെ ആശുപത്രി ഐസൊലേഷനിലാണ് കഴിഞ്ഞിരുന്നത്. ഇവർ മൂവരും കഴിഞ്ഞദിവസം രോഗം മാറി വീടുകളിലേക്ക് മടങ്ങിയിരുന്നു.
ഇവരുടെ മകളും മരുമകനുമാണ് നെടുമ്പാശേരി എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ഇവർക്കും രോഗബാധയുണ്ടായി. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡീലാണ് പ്രവേശിപ്പിച്ചത്. എന്നാൽ നാലര വയസുള്ള ഇവരുടെ മകൾക്ക് രോഗം പിടിപെട്ടിരുന്നില്ല. ഇവരും രോഗം ഭേദപ്പെട്ട് കഴിഞ്ഞയാഴ്ച ചെങ്ങളത്തെ വീട്ടിലേക്ക് മടങ്ങിയിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ കൊറോണ വൈറസ് ബാധകരില്ല. രോഗം മാറിയ തോമസും മറിയാമ്മയും കേരളത്തിലെ ഏറ്റവും പ്രായംകൂടിയ വൈറസ് രോഗികളായിരുന്നു. കഴിഞ്ഞമാസം എട്ടാം തീയതിയാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ച ആരുംതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ ഇല്ല. എന്നാൽ നിരീക്ഷണത്തിൽ ഒരാൾ മാത്രം ഐസൊലേഷനിൽ കഴിയുന്നുണ്ട്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നെഗറ്റീവ് ആകാനാണ് സാദ്ധ്യത ഏറെയെന്ന് ഡി.എം.ഒ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.