ration-rice

കൊല്ലം: പള്ളിത്തോട്ടം എച്ച് ആൻഡ് സി വളപ്പിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 390 കിലോ റേഷനരിയും സമീപത്തെ പൊടിപ്പ് മില്ലിൽ നിന്നും പത്ത് ചാക്ക് റേഷൻ ധാന്യങ്ങളും പൊലീസ് പിടിച്ചെടുത്തു. വീട്ടിൽ റേഷനരി സൂക്ഷിച്ചതിന് പള്ളിത്തോട്ടം സ്വദേശി പൂക്കുഞ്ഞിനെയും(55) പൊടിപ്പ് മില്ലിൽ സൂക്ഷിച്ചതിന് പള്ളിത്തോട്ടം ഫാത്തിമ ഫ്ലവർ മിൽ ഉടമ ഫാറൂഖിനെയും(70) പൊലീസ് അറസ്റ്റ് ചെയ്തു.

പൂക്കുഞ്ഞിന്റെ വീട്ടിൽ റേഷനരി സംഭരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിത്തോട്ടം പൊലീസാണ് പരിശോധന നടത്തിയത്. 390 കിലോ റേഷൻ അരി എട്ട് ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. വിവിധ ആളുകളിൽ നിന്ന് റേഷനരി വില കൊടുത്ത് വാങ്ങിയെന്നാണ് പൂക്കുഞ്ഞ് പൊലീസിനോട് പറഞ്ഞത്. പിടിച്ചെടുത്ത റേഷനരി പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പൊടിപ്പ് മില്ലിൽ പരിശോധന നടത്തിയത്. ഒരു ചാക്കിൽ ഗോതമ്പും ഒൻപത് ചാക്കിൽ അരിയും കണ്ടെത്തിയതോടെ പെലീസ് വിവരം സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിച്ചു.