കൊല്ലം: സമയത്ത് വാഹനം കിട്ടിയില്ല, അഞ്ചൽ ചണ്ണപ്പേട്ടയിൽ യുവതി വീട്ടിനുള്ളിൽ പ്രസവിച്ചു. ചണ്ണപ്പേട്ട വനത്തുമ്മുക്കു നാലുസെന്റ് കോളനിയിൽ കമ്പകത്തും വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ വിനീതയാണ് വീട്ടിൽ പ്രസവിച്ചത്. വിനീതയുടെ മൂന്നാമത്തെ പ്രസവമാണിത്. ഭർത്താവ് ഒരു കേസിൽപ്പെട്ട് റിമാന്റിലായതിനാൽ പകൽനേരത്ത് യുവതി വിട്ടിൽ ഒറ്റക്കായിരുന്നു. പ്രസവ വേദന വന്ന് നിലവിളിച്ചതോടെ അയൽക്കാർ ഓടിക്കൂടിയെങ്കിലും മുറിക്കുള്ളിലേക്ക് കടക്കാൻ തയ്യാറായില്ല. അയൽവാസികൾ വാഹനം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചു.
അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ വിവരം അറിയിച്ചതോടെ ആരോഗ്യ പ്രവർത്തകർ പാഞ്ഞെത്തി. ഇവർ എത്തിയപ്പോഴേക്കും യുവതി ഒരു ആൺകുട്ടിയെ പ്രസവിച്ചു. തുടർന്ന് അഞ്ചലിൽ നിന്നും ആംബുലൻസ് എത്തിച്ച ശേഷം ആരോഗ്യവകുപ്പിലെ ഡോക്ടറും നഴ്സുമാരും പ്രാഥമിക ശുശ്രൂഷകൾ നല്കിയതിനു ശേഷം അമ്മയെയും കുഞ്ഞിനെയും പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.