മുംബയ് : ലോക്ക് ഡൗണിനിടെ മദ്യ ഷോപ്പ് കുത്തിത്തുറന്ന് കുപ്പികൾ കടത്തിയ കേസിൽ രണ്ട് പേരെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. മുംബയ് സ്വദേശികളായ ഇർഫാൻ ഖാൻ (21) വിശാന്ത് നായിക്ക് (22) എന്നിവരാണ് പിടിയിലായത്. 200 ബോട്ടിൽ മദ്യമാണ് ഇവരും ചേർന്ന് കടത്തിയത്. ഏകദേശം 1.5 ലക്ഷം രൂപ വില വരും. കടത്തിക്കൊണ്ടു പോയ മദ്യം ഉയർന്ന വിലയ്ക്ക് വിൽക്കാനായിരുന്നു ഇരുവരും ഉദ്ദേശിച്ചിരുന്നത്. കൊവിഡ് വ്യാപകമായതോടെ മദ്യ ഷോപ്പുകളും ബാറുകളും അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം. കുർളയിലെ വിനോദ് ഭവൻ നഗറിലെ മദ്യ ഷോപ്പ് കുത്തി തുറന്നാണ് പ്രതികൾ കുപ്പികൾ കടത്തിയത്. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, മുംബയിലെ മറ്റൊരിടത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ, ബാറ് കുത്തിത്തുറന്ന് 150 കുപ്പി മദ്യവും ഇവിടെ സൂക്ഷിച്ചിരുന്ന 15000 രൂപയും കള്ളന്മാർ മോഷ്ടിച്ചു. ബാറുടമയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.