കോഴിക്കോട്: കൊവിഡ് 19 വൈറസ് ലോകത്തെ കാർന്ന് തിന്നുമ്പോൾ കോഴിക്കോടുകാർക്ക് അൽപ്പം ആശ്വാസം. ജില്ലയിൽ കൊറോണ വൈറസ് ബാധിതരായി ഇനി ബാക്കിയുള്ളത് 5 പേർ മാത്രം. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരു കോഴിക്കോട് സ്വദേശി കൂടി രോഗം ഭേദമായി ഡിസ്ചാർജ് ചെയ്യപ്പെട്ടതിനെ തുടർന്നുള്ള കണക്കാണിത്.
ഇന്നലെ വരെ 21,934 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം 13 പേർ ഉൾപ്പെടെ 26 പേരാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്. 15 പേരെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇന്നലെ 16 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ആകെ 297 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 274 എണ്ണത്തിന്റെ ഫലം ലഭിച്ചു. 264 എണ്ണം നെഗറ്റീവാണ്. അസുഖം ഭേദമായവർ ഉൾപ്പെടെ ഏഴ് കോഴിക്കോട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും രണ്ട് കാസർകോട് സ്വദേശികളുമാണ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 23 പേരുടെ പരിശോധന ഫലംകൂടി ലഭിക്കാനുണ്ട്.