alcohol

ഷില്ലോംഗ്: മേഘാലയിൽ ലോക്ക്ഡൗൺമൂലം അടച്ചുപൂട്ടിയ മദ്യഷോപ്പുകൾ എത്രയും പെട്ടെന്ന് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന അഭ്യർത്ഥനയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഏണസ്റ്റ് മൗരി രംഗത്തെത്തി. മേഘാലയ മുഖ്യന്ത്രിയോടാണ് അദ്ദേഹം ഇൗ ആവശ്യമുന്നയിച്ചത്. പൊതുജനസമ്മർദ്ദം കണക്കിലെടുത്ത് ഇതിന് അനുമതി നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
മദ്യപാനം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത രീതിയായതിനാൽ മദ്യവില്പനശാലകൾ ഉടൻ തുടക്കണമെന്നാണ് മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടത്. വൈൻ ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സെക്രട്ടറി കൂടിയാണ് ഏണസ്റ്റ് മൗരി .
അവശ്യവസ്തുക്കൾക്കൊപ്പം മദ്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മദ്യശാലകൾ തുറക്കാൻ അനുമതി നൽകുമ്പോൾ സാമൂഹിക അകലവും പൊതുശുചിത്വവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ വീടുകളിലേക്ക് മദ്യം എത്തിക്കാമെന്ന നേരത്തേയുള്ള ഉത്തരവ് മേഘാലയ സർക്കാർ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബി. ജെ. പി അദ്ധ്യക്ഷൻ കത്തെഴുതിയത്.