കണ്ണൂർ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യം ലോക്ക് ഡൗണിലായിരിക്കെ കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തിരിക്കിട്ട് ചർച്ച ചെയ്ത് വോട്ടിംഗ് നടത്താനുള്ള കളക്ടർ ടി.വി സുഭാഷിന്റെ നടപടി പരക്കെ വിമർശനത്തിന് ഇടയാകുന്നു. ഈ മാസം 14വരെയാണ് നിലവിൽ ലോക്ക് ഡൗൺ ഉള്ളത്. വേണ്ടിവന്നാൽ നിയന്ത്രണം തുടരുമെന്ന് സൂചന ലഭിച്ചിരിക്കെ 15ന് ഇടതു പക്ഷത്തിന്റെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കൗൺസിൽ യോഗം വിളിക്കാനുള്ള കളക്ടറുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയംഭരണം വകുപ്പാണ് നേൽനോട്ടം വഹിക്കുന്നത്. നിലവിൽ കണ്ണൂർ കോർപ്പറേഷന് ഡപ്യൂട്ടി മേയർ ഇല്ല. കഴിഞ്ഞ മാസം 20ന് ഇടതുപക്ഷം ‌ഡപ്യൂട്ടി മേയർക്കെതിരെ അവിശ്വാസം കൊണ്ടുവന്ന്, സ്ഥാനത്ത് ഉണ്ടായിരുന്ന പി.കെ. രാഗേഷിനെ പുറത്താക്കിയിരുന്നു. മാത്രമല്ല കോർപ്പറേഷനിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കും ചെയർമാൻ ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്.

മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ലീഗ് പ്രതിനിധി സീനത്ത് സ്ഥാനം രാജി വച്ചത്. ഈ പദവിയിലേക്കും ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കും പുതിയ ആളെ തിരഞ്ഞെടുക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖാ മൂലമുള്ള കത്ത് കളക്ടറുടെ മേശപ്പുറത്ത് വിശ്രമിക്കുകയാണ്. ഇതിനിടെയയാണ് ഒഴിവുള്ളപദവികൾ നികത്താതെ മേയറെകൂടി സ്ഥാന ഭ്രഷ്ടനാക്കാനുള്ള സി.പി.എം നീക്കത്തിന് കളക്ടർ ചട്ടുകമാകുന്നതെന്ന് ഡപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷ് ആരോപിച്ചു. ഏതെങ്കിലും പദവി ഒഴിവ് വന്നാൽ പരമാവധി 21 ദിവസത്തിനുള്ളിൽ അത് നികത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമത്തിന് വിരുദ്ധമായാണ് കണ്ണൂർ കളക്ടർ പ്രവർത്തിക്കുന്നതെന്നും രാഗേഷ് ആരോപിച്ചു.