rice

കോട്ടയം: റേഷൻ കടകളിൽ സ്റ്റോക്ക് തീർന്നു. എഫ്.സി.ഐയിൽ നിന്നും ആവശ്യത്തിന് ധാന്യം എത്തുന്നില്ല. ഇതോടെ റേഷൻ വിതരണം അവതാളത്തിലായി. ഇന്ന് രാവിലെ വിതരണത്തിന് ആവശ്യമായ അരി കോട്ടയം ജില്ലയിലെ ഒട്ടുമിക്ക റേഷൻകടകളിലുമില്ല. ഇതോടെ ക്യൂവിൽനിന്ന് മടുത്തവർ പ്രതിഷേധവുമായി രംഗത്ത് വന്നു.

എഫ്.സി.ഐ ഗോഡൗണിൽ നിന്നും സപ്ലൈകോയുടെ ഗോഡൗണിലെത്തിച്ചാണ് റേഷൻകടക്കാർക്ക് അരിയും ഗോതമ്പും വിതരണം ചെയ്യുന്നത്. ഒരു ദിവസം പത്ത് ലോഡ് മാത്രമേ എഫ്.സി.ഐ യിലെ തൊഴിലാളികൾ ലോറികളിൽ കയറ്റുകയുള്ളു. തൊഴിലാളികൾ എത്താത്തതാണ് ഇതിന് കാരണം. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു.

എഫ്.സി.ഐയിൽ നിന്ന് നേരിട്ട് റേഷൻകടക്കാർക്ക് അരി നല്കിയാൽ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ പറഞ്ഞു. ഇല്ലെങ്കിൽ മില്ലുകളിൽ നിന്നും അരി നേരിട്ട് റേഷൻ കടക്കാർക്ക് നല്കിയാലും ഒരു പരിധിവരെ ഇത് പരിഹരിക്കാനാവും.

കോട്ടയം ജില്ലയിൽ 1002 റേഷൻ കടകളാണുള്ളത്. എഫ്.സി.ഐയിലും സപ്ളൈകോ ഗോഡൗണുകളിലും മൂന്ന് മാസത്തേക്ക് ആവശ്യമായ അരി സ്റ്റോക്കുണ്ട്. എന്നാൽ അത് റേഷൻ കടകളിൽ എത്തിക്കുന്നതിന് സാധിക്കുന്നില്ല. ഇതാണ് ഇപ്പോഴത്തെ സ്തംഭനാവസ്ഥയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.