ദോഹ: 2022 ൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് സ്റ്റേഡിയം അടക്കം പണിയുന്ന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി പ്രദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി.
ഏത് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിന് സുപ്രീം കമ്മിറ്റിക്ക് കീഴിൽ എല്ലാ സൈറ്റുകളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. നിർമാണ സ്ഥലങ്ങളിലും താമസകേന്ദ്രങ്ങളിലും കൊവിഡ് സംബന്ധിച്ച് കൃത്യമായ ബോധവത്കരണം നടത്തുന്നുണ്ട്. ദിവസേന രണ്ട് നേരം തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു.
സുപ്രീം കമ്മിറ്റി പദ്ധതി പ്രദേശങ്ങളിൽ മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നുണ്ട്. മാസ്‌കുകൾ ലഭ്യമാകാത്ത സമയങ്ങളിൽ സ്വന്തം സ്‌കാർഫുകൾ മാസ്‌കുകളായി ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു.
സൈറ്റുകളിലും താമസ കേന്ദ്രങ്ങളിലും ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
55 വയസ് കഴിഞ്ഞ തൊഴിലാളികളെ തൊഴിൽ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് കൊവിഡ് വരാൻ സാദ്ധ്യതയേറെയന്നതിനാലാണ് നടപടിയെന്നും അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റി പ്രത്യേകം തയ്യാറാക്കിയ താമസസ്ഥലത്തായിരിക്കും ഇവർ താമസിക്കുക. സ്‌റ്റേഡിയമടക്കമുള്ള പദ്ധതി പ്രദേശങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്ന സ്ഥാപനങ്ങളിൽ അധികൃതർ കൃത്യമായ പരിശോധന നടത്തിവരുന്നുണ്ട്.