കറാച്ചി : കൊവിഡ് പ്രതിരോധത്തിന് ഉയർന്ന നിലവാരത്തിലുള്ള മാസ്കുകൾക്ക് പകരം ചൈന പാക്കിസ്ഥാന് നൽകിയത് ‘അടിവസ്ത്രം’ കൊണ്ട് നിർമ്മിച്ച മാസ്കുകൾ ആണെന്ന് റിപ്പോർട്ട്. ഒരു പാക് വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. പാകിസ്ഥാനിലേക്ക് ഉയർന്ന നിലവാരമുള്ള മാസ്കുകൾ അയക്കുമെന്ന് മുമ്പ് ചൈന വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അടിവസ്ത്രം കൊണ്ട് നിർമ്മിച്ച മാസ്കുകൾ എത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.
അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഉപകരണങ്ങളും മറ്റും കൊണ്ടു പോകുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി ഒരു ദിവസം തുറക്കാൻ ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
ചൈനയിൽ നിന്നുള്ള മാസ്കുകളും മറ്റ് പ്രതിരോധ സാമഗ്രികളും നിലവാരം തീരെയില്ലാത്തതാണെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.ഇതിനെത്തുടർന്ന് പല യൂറോപ്യൻ രാജ്യങ്ങളും ഇവ വിപണിയിൽ നിന്ന് പിൻവലിച്ചു. പാകിസ്ഥാനിൽ കൊവിഡ് നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് നേരത്തേ വിമർശനമുയർന്നിരുന്നു. പ്രധാനമന്ത്രി ഇംറാൻഖാൻ കൊവിഡിനെ നിസാരമായാണ് നോക്കിക്കാണുന്നതെന്നാണ് പ്രധാന വിമർശനം. രാജ്യത്ത് ഇരുപത്തഞ്ചുപേരാണ് രോഗബാധമൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്. എന്നാൽ മരണസംഖ്യ ഇതിൽക്കൂടുതലാണെന്നും രാജ്യത്ത് പലഭാഗത്തെയും ജനങ്ങൾക്കും കൊവിഡിനെപ്പറ്റി സാമാന്യവിവരംപോലുമില്ലെന്നാണ് മറ്റൊരുവിമർശനം.