be-alone-

ശ്രീനാരായണ ഗുരുദേവൻ ശിവശതകമെന്ന കൃതിയിൽ അതിഭൗതികതയിൽ ആണ്ട് പോകുന്ന മനുഷ്യരാശിയെ ഓർമ്മിപ്പിക്കുന്ന ഒരു വലിയ സത്യമുണ്ട്. ജനകനുമമ്മയുമാത്‌മസഖിപ്രിയ ജനവുമടുത്തയൽവാസികളും വിനാ ജനനമെടുത്ത് പിരിഞ്ഞിടുമെപ്പോഴും തനിയെ യിരിപ്പതിനേ തരുമായ് വരൂ. അച്ഛനും അമ്മയും ആത്മസഖിയും പ്രിയജനങ്ങളും അടുത്ത അയൽവാസികളെയും വിട്ട് എപ്പോൾ വേണമെങ്കിലും ജനനമരണങ്ങൾക്ക് കീഴ്‌പ്പെടാം. അതുകൊണ്ട് ഈ പറയപ്പെടുന്ന സ്വന്തക്കാരും ബന്ധക്കാരും ചുറ്റുപാടും ഉള്ളവരാരും നമ്മുടെ കൂടെ വരില്ല. നാം ഓരോരുത്തരും തനിയെയാണ് ജീവിക്കുന്നതും മരിക്കുന്നതും. ഈ തനിയെയിരിക്കുന്ന അവസ്ഥയിലേക്കാണ് ഇന്ന് ലോകത്തുള്ള അതിപ്രബലമായ രാജ്യങ്ങൾ ഉൾപ്പെടെ ചെന്ന് പെട്ടിരിക്കുന്നത്. സ്വയംകൃതാനർത്ഥം എന്ന് പറയാം ഈ ദുരവസ്ഥയെ. കൊറോണ എന്ന മഹാവിപത്തിനെ തടയാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണ്. ഇത് ബാധിച്ച് മരിച്ചവരെ തൊടാൻ പോലും അനുവദിക്കില്ല. അവസാനമായി കാണാൻ പോലും പറ്റാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തികച്ചും തനിയെയാണ് നാം എന്ന് തിരിച്ചറിയുന്ന അവസ്ഥ. മരിച്ചവർ എത്ര പ്രിയരായിരുന്നിട്ടും അസുഖത്തിന്റെ ഭീകരത നമ്മെ അവരിൽ നിന്നും നമ്മൾ പോലും അറിയാതെ അകറ്റുന്നു. ഗുരുദേവനും ഭാരതത്തിലെ പൗരാണിക ഋഷിമാരും സനാതനമായ ഒരു ധർമ്മത്തെ അഥവാ ഒരു ജീവിതരീതിയെ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ആ സംസ്കൃതിയെ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പുറം പൂച്ചിൽ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് എന്തോ നേടിയെന്ന് അഭിമാനിച്ച് പോകുകയായിരുന്നു നാം ഇതുവരെ. ആ ധാരണകളെല്ലാം തെറ്റിയിരിക്കുന്നു. കൊറോണയെ ചെറുക്കാൻ ശുചിത്വം വേണമെന്ന് ലോകം പറയുന്നു. ശ്രീനാരായണ ധർമ്മം എന്ന കൃതിയിൽ പഞ്ചശുദ്ധിയെക്കുറിച്ച് വിശദമായി ഗുരുദേവൻ പറയുന്നു. ശരീരശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി, മനശുദ്ധി, വാക് ശുദ്ധി എന്നിവയാണവ. ഇതിൽ ഇപ്പോൾ ലോകത്തിന് വേണ്ടത് ശരീരശുദ്ധിയും ഗൃഹശുദ്ധിയും ആണ്. നമ്മൾ ഇത്ര പഠിപ്പുള്ളവരായിട്ടും ശരീരത്തെ എങ്ങനെ ശുദ്ധമാക്കണമെന്ന് അറിയില്ല. മുമ്പ് നാം സുഹൃത്തുക്കളെ കാണുമ്പോൾ അഭിവാദ്യം ചെയ്തിരുന്നത് രണ്ട് കൈകളും കൂപ്പി നമസ്തേ പറഞ്ഞായിരുന്നു. നമസ്തേ എന്ന വാക്കിന് വ്യക്തമായ അർത്ഥമുണ്ട്. നമഃതേ നിനക്കായ് കൊണ്ട് എന്റെ നമസ്കാരം. അതായത് നിന്റെ ശരീരത്തിനുള്ളിലിരിക്കുന്ന ചൈതന്യത്തിനായി നമസ്കാരം. പാശ്ചാത്യരുടെ അഭിവാദ്യം കൈപിടിച്ച് കുലുക്കിയാണ്. ഋഷിമാരുടെ ഉൾക്കാഴ്ച അവിടെ ഇല്ലെന്നുള്ളതോ പോകട്ടെ. ഈ കൈ തരുന്ന ആൾക്ക് ജലദോഷമുണ്ടെങ്കിൽ, മൂക്ക് ചീറ്റി എവിടെയെങ്കിലും തുടച്ച് കൊണ്ടായിരിക്കും കൈ തരുന്നത്. അഥവാ വിയർത്ത മുഖം തുടച്ചോ തുമ്മിയപ്പോൾ കൈ പൊത്തുകയും അല്ലെങ്കിൽ മൂത്രാശങ്ക തീർത്ത് ആ കൈ കഴുകാതെയോ ആയിരിക്കാം. ശരീരശുദ്ധിയിൽ ഈ കൊച്ച് കൊച്ച് കാര്യങ്ങൾ ആരും ശ്രദ്ധിക്കാറില്ല. പക്ഷെ കൊറോണ വന്നപ്പോൾ നമുക്ക് നമ്മുടെ പൂർവികരുടെ ഉപദേശം ഓർമ്മവന്നു. ലോകത്ത് എല്ലാവർക്കും അതേറ്റെടുക്കുവാനും സാധിച്ചു. പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന നിരവധി ഔഷധ ഇലകളും ചെടികളും നമുക്ക് ചുറ്റുമുണ്ട്. ഒരു ഉദാഹരണം ഇതാ. ഒരാൾക്ക് 25 തുളസിയില, കൂവളത്തിന്റെ ഇല ഒന്ന്, കറുക അര പിടി, ചിറ്റമൃത് പച്ച ഒരുവിരൽ നീളത്തിൽ .ഇത് കഴുകി ശുദ്ധമാക്കി ചതച്ച് നീരെടുത്ത് 4.5 ടീസ്പൂൺ നീരെടുത്ത് നല്ല തേൻ ഒരു ടീസ്പൂൺ ചേർത്ത് വെറും വയറ്റിൽ കഴിക്കുക. ഇത് കഴിച്ച് കഴിഞ്ഞ് 20 മിനിട്ട് നേരത്തേക്ക് വേറെ ഒന്നും തന്നെ കഴിക്കരുത്. ആർക്കും കഴിക്കാം. യോഗയും പ്രാണായാമവും അറിയാവുന്നവരുടെ അടുത്ത് നിന്നും പഠിക്കണം. നമ്മുടെ ഋഷീശ്വരന്മാർ പ്രാർത്ഥിച്ചിരുന്നത് സമസ്ത ലോകത്തിനും വേണ്ടിയായിരുന്നു. എല്ലാവരും സുഖികളായിരിക്കട്ടെ ,ആർക്കും അസുഖം ഇല്ലാതിരിക്കട്ടെ, എല്ലാവരും നല്ലത് മാത്രം കാണട്ടെ, ആർക്കും ദുഃഖം ഉണ്ടാകാതിരിക്കട്ടെ. ഇതായിരുന്നു ലോക മംഗളകരമായ ആ പ്രാർത്ഥനയുടെ പൊരുൾ. ആ മനോഭാവത്തോടെ ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി പ്രാർത്ഥിക്കാം.