തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വർദ്ധന പ്രാബല്യത്തിൽ വരുന്നത് മെയ് 15ന് മാത്രം .ഇത് സംബന്ധിച്ച് നികുതി വകുപ്പിൻ്റെ ഉത്തരവും ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. ഇതോടെ ഏപ്രിൽ14ന് ലോക്ക് ഡൗൺ തീരുകയാണെങ്കിൽ നിലവിലുള്ള ന്യായവില പ്രകാരം ഭൂമി കൈമാറ്റം ചെയ്യാൻ ഒരു മാസം ലഭിക്കും. രജിസ്ട്രേഷൻ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ്റെ ഇടപെടലിനെ തുടർന്നാണ് ഏപ്രിൽ ഒന്നിന് ആരംഭിക്കാനിരുന്ന വർദ്ധന മെയ് 15 ലേക്ക് മാറ്റിയത്. ഏപ്രിൽ ഒന്നിന് വർദ്ധന ആരഭിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇപ്പോൾ 10 ശതമാനമാണ് വർദ്ധിപ്പിച്ചതെങ്കിലും യഥാർത്ഥ വർദ്ധന അല്പം കൂടി കൂടും .

2014ലാണ് ഭൂമിയുടെ ന്യായവില നിശ്ചയിച്ചത്.2014ൽ 50 ശതമാനം കൂട്ടി. 2018 ഏപ്രിലിലും 2019 ഏപ്രിലിലും 10 ശതമാനം വീതം കൂട്ടി. ഇത്തവണത്തെ ബഡ്ജറ്റ് പ്രസംഗത്തിൽ 10 ശതമാനം കൂട്ടാനായിരുന്നു നിർദ്ദേശം. എന്നാൽ ഇത് കൂടിയാകുമ്പോൾ 2010 ലെ ന്യായവിലയുടെ 199.65 ആകുമെന്നതിനാൽ സൗകര്യത്തിനായി 200 ശതമാനമാക്കി നിജപ്പെടുത്തുകയായിരുന്നു . ഇതോടെ ഇപ്പോൾ ന്യായവില 2010 ലെതിൻ്റെ ഇരട്ടിയാകും.