തിരുവനന്തപുരം: റെയിൽപ്പാളത്തിലൂടെ മധുരയിൽ നിന്ന് നടന്നുവന്നയാളെ റെയിൽവേ സംരക്ഷണസേന പിടികൂടി. എരുമേലി കനകപാളയം കുന്നിൽ ഹൗസിൽ പ്രസാദ് എന്ന അറുപത്തെട്ടുകാരനാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് പിടിയിലായത്.ഇയാളെ ആരോഗ്യവകുപ്പിന് കൈമാറി.
രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്നുവെന്നും 14നാണ് റെയിൽപ്പാളത്തിൽ കയറിയെന്നുമാണ് ഇയാൾ പറയുന്നത്. അപ്പോൾമുതൽ ട്രാക്കിലൂടെ നടക്കുകയായിരുന്നു. റെയിൽപ്പാളത്തിന് സമീപത്തെ ക്ഷേത്രങ്ങളിലാണ് ഉറങ്ങിയിരുന്നതെന്നും പാളത്തിനരികിലെ വീടുകളിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് നടന്ന് തുടങ്ങിയപ്പോഴാണ് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതും പിടികൂടിയതും. അന്യസംസ്ഥാനത്തുനിന്ന് എത്തിയതിനാലാണ് ആരോഗ്യവകുപ്പിന് കൈമാറിയത്..