നവംറിൽ ഇന്ത്യ ആതിഥ്യം വഹിക്കേണ്ട അണ്ടർ -17 വനിതാ ലോകകപ്പ് ഫിഫ മാറ്റിവച്ചു
ജൂൺവരെയുള്ള എല്ലാ അന്താരാഷ്ട്ര മത്സരങ്ങളും മാറ്റി
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ റീ ഷെഡ്യൂൾ ചെയ്യും
സൂറിച്ച്: ലോകത്തെ താറുമാറാക്കിയ കാെവിഡ് 19 കാരണം വരുന്ന നവംബറിൽ ഇന്ത്യയിൽ നടക്കേണ്ട അണ്ടർ-17 വനിതാ ലോകകപ്പ് ഫിഫ മാറ്റിവച്ചു. പുതിയ തീയതി അറിയിച്ചിട്ടില്ല. ഇന്നലെ ചേർന്ന ഫിഫ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർണായക യോഗമാണ് ഇതടക്കം പ്രധാന്യമേറിയ തീരുമാനങ്ങളെടുത്തത്.
ഇൗ വർഷം ജൂൺ മാസം വരെ നടക്കേണ്ട ലോകകപ്പ് യോഗ്യതാ റൗണ്ട് ഉൾപ്പടെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളും മാറ്റിവച്ചിട്ടുണ്ട്. 2022 ഖത്തർ ലോകകപ്പിന്റെ ഇതുവരെ മുടങ്ങിയതും ഇപ്പോൾ മാറ്റിയിരിക്കുന്നതുമായ മത്സരങ്ങൾ കൊവിഡ് നിയന്ത്രണവിധേയമാകുന്ന മുറയ്ക്ക് റീഷെഡ്യൂൾ ചെയ്യും.ഒളിമ്പിക് വനിതാ ഫുട്ബാളും റീഷെഡ്യൂൾ ചെയ്യും.
പാനമയിലും കോസ്റ്റാറിക്കയിലുമായി ഇൗ വർഷം ആഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ നടക്കേണ്ട അണ്ടർ -20 വനിതാ ഫുട്ബാളും മാറ്റിവച്ചിട്ടുണ്ട്. സെപ്തംബറിൽ ലിത്വാനിയയിൽ നടക്കേണ്ട ഫുട്സാൽ ലോകകപ്പിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇൗ മാസം അവസാനത്തോടെ കൈക്കൊള്ളും.ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിയെങ്കിലും പുരുഷ ഫുട്ബാൾ താരങ്ങളുടെ പ്രായപരിധി കണക്കാക്കുന്നത് ഇപ്പോഴത്തെ സ്ഥിതി വച്ചുതന്നെയാകും.പ്രൊഫഷണൽ ക്ളബ് ട്രാൻസ്ഫർ സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാൻ ആഗോള ഫണ്ട് രൂപീകരിക്കുന്ന കാര്യവും ഉടൻ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഫിഫ അറിയിച്ചു.
ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ്
ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലായി നവംബർ രണ്ടുമുതൽ 21 വരെയാണ് ലോകകപ്പ് നിശ്ചയിച്ചിരുന്നത്.
കൊൽക്കത്ത.ഗോഹട്ടി,ഭുവനേശ്വർ, അഹമ്മദാബാദ്, നവി മുംബയ് എന്നിവയാണ് മത്സരവേദികളായി നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയടക്കം 16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
ആതിഥേയരെന്ന നിലയിലാണ് ഇന്ത്യയ്ക്ക് ലോകകപ്പിന് ആദ്യമായി അവസരം ലഭിച്ചിരിക്കുന്നത്.
ഏഷ്യൻ മേഖലയിൽ നിന്നുള്ള ക്വാളിഫിക്കേഷൻ ടൂർണമെന്റ് മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ.
2017ൽ ഇന്ത്യ അണ്ടർ- 17 പുരുഷ ലോകകപ്പ് ടൂർണമെന്റിന് വിജയകരമായി ആതിഥ്യം വഹിച്ചതിനെ തുടർന്നാണ് ഫിഫ വനിതാ അണ്ടർ- 17 ലോകകപ്പ് അനുവദിച്ചത്.
ലോകത്തുള്ള മറ്റുമിക്ക ഫുട്ബാൾ മത്സരങ്ങളും നിരോധിച്ചതിനാൽ അണ്ടർ-17 ലോകകപ്പിന്റെ കാര്യത്തിലും ഇത് പ്രതീക്ഷിച്ചിരുന്നു. ഫിഫയുടെ തീരുമാനം അംഗീകരിക്കുന്നു. പുതിയ തീയതി ചർച്ചചെയ്ത് തീരുമാനിക്കും.
കുശാൽ ദാസ്, സെക്രട്ടറി
എ.ഐ.എഫ്.എഫ്