റോം: മുഖത്ത് മാസ്കോ, കൈകളിൽ ഗ്ലൗസോ ഇല്ല. എങ്കിലും ആശുപത്രിയിലെ വാർഡുകളായ വാർഡുകളിലൂടെ ഓടി നടന്ന് രോഗികളെ പരിചരിക്കാൻ ടോമിയ്ക്ക് യാതൊരു ടെൻഷനുമില്ല. കൊറോണ വൈറസിനെ ഒരുതരി പേടിയുമില്ല. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില പരിശോധിക്കുകയാണ് ടോമിയുടെ ജോലി. മാസ്കോ സുരക്ഷാ മാർഗങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യുന്ന ടോമിയെ കൊവിഡ് ബാധിക്കുമോ എന്ന പേടിയും വേണ്ട. കാരണം ടോമി മനുഷ്യനല്ല; ഒരു റോബോട്ടാണ്.
വടക്കൻ ലൊംബാർഡി മേഖലയിലെ വാറേസെ നഗരത്തിലെ സിർകോളോ ആശുപത്രിയിലുള്ള ആറു റോബോട്ടുകളിലൊന്നാണ് ടോമി. വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്ന ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും വളരെ ഉപകാരികളാണ് ടോമിയടക്കമുള്ള റോബോട്ടുകൾ. നഴ്‌സുമാരെ പോലെ തന്നെയാണ് ടോമിയെന്നും മനുഷ്യനല്ല എന്നൊരു വ്യത്യാസമേ ഉള്ളുവെന്നും ആശുപത്രിയിലെ ഡോക്‌ടർമാർ പറയുന്നു. ആറോ ഏഴോ വയസുള്ള കുട്ടികളുടെ വലിപ്പം മാത്രമേ ഈ റോബോട്ടുകൾക്കുള്ളു. ഓരോ രോഗികളുടെയും അടുത്തെത്തുന്ന റോബോട്ടുകൾ രോഗികളിൽ ഘടിപ്പിച്ചിരിക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങളിലെ മാറ്റങ്ങൾ നിരീക്ഷിക്കുകയും രോഗിയുടെ സ്ഥിതിയെ അവലോകനം ചെയ്യുകയും ചെയ്യുന്നു. വിവരങ്ങൾ അപ്പോൾ തന്നെ അധികൃതരെ അറിയിക്കും. രോഗികൾക്ക് ഡോക്‌ടർമാരോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന ടച്ച് സ്ക്രീനിൽ രേഖപ്പെടുത്താം.
റോബോട്ടുകൾ വഴി രോഗിയും ഡോക്‌ടർമാരും നഴ്‌സുമാരും തമ്മിലുള്ള സമ്പർക്കം കുറയ്ക്കാൻ സാധിക്കുന്നു. ഇതുവഴി രോഗവ്യാപനത്തെ സംബന്ധിച്ചുള്ള ആകുലതകളെ ഒരു പരിധി വരെ ഇല്ലാതാക്കാം. ആശുപത്രിയിലെ ഒരു ഡോക്ടറുടെ മകന്റെ പേരാണ് ടോമിയ്ക്ക് ലഭിച്ചിരിക്കുന്നത്. റോബോട്ടുകളെ കാണുമ്പോൾ രോഗികളുടെ പ്രതികരണം മിക്കപ്പോഴും അനുകൂലമാകാറില്ലെന്നും എന്നാൽ ഡോക്‌ടർമാർ പറയുന്ന പോലെ തന്നെയാണ് ഈ റോബോട്ടുകളും പ്രവർത്തിക്കുന്നതെന്ന് മനസിലാകുമ്പോൾ രോഗികൾ സഹകരിക്കുമെന്നും ഡോക്‌ടർമാർ പറയുന്നു.
റോബോട്ടുകളെ ഉപയോഗിക്കുന്നത് വഴി ആശുപത്രി ജീവനക്കാർക്ക് വേണ്ടി വരുന്ന മാസ്‌കും മറ്റ് സുരക്ഷാ വസ്‌തുക്കളും ലാഭിക്കുകയും ചെയ്യാം. മാസ്‌കുകളുടെ എണ്ണത്തിലെ ദൗർലഭ്യം പല രാജ്യങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. രോഗികളുടെ മുറിയിൽ റോബോട്ട് കടക്കുമ്പോൾ മുതലുള്ള ദൃശ്യങ്ങൾ അവയിൽ ഘടിപ്പിച്ചിരിക്കുന്ന കാമറകൾ വഴി ഡോക്‌ടർമാർ നിരീക്ഷിക്കും. ഇറ്റലിയിൽ കൊവിഡ് രോഗികളെ ചികിത്സിച്ച 4,000ത്തിലേറെ ആരോഗ്യപ്രവർത്തകരും 66 ഡോക്‌ടർമാരുമാണ് മരിച്ചത്.