modi

കണ്ണൂർ: ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി. മുഖ്യമന്ത്രി പിണറായി വിജയനേയും സുധാകരൻ പരിഹസിച്ചു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുധാകരൻ നരേന്ദ്രമോദിക്കും പിണറായി വിജയനുമെതിരെ ആഞ്ഞടിച്ചത്.

പാത്രം മുട്ടി കൊവിഡിനെ തുരത്താമെന്ന് ആദ്യം പറഞ്ഞ മോദി ഇപ്പോൾ പറയുന്നത് മച്ചിന്റെ മുകളിൽ ലൈറ്റടിക്കാനാണ്. ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്യുന്ന ആളുകൾക്ക് തോന്നുന്ന കാര്യമാണ് ഞാൻ പറയുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ബുദ്ധിമാന്ദ്യമുള്ള ഒരുനേതൃത്വത്തിന് കീഴിൽ കൊവിഡിനെ അതിജീവിക്കാനാവില്ല. ടോർച്ച് അടിക്കണമെന്ന പറഞ്ഞ പ്രധാനമന്ത്രിയെ ഇവിടെയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്യുകയാണ്.

മോദിയെ പിണറായി ഗുരുസ്ഥാനത്താണ് കാണുന്നത്. കമ്മ്യൂണിസ്റ്റ് രീതിയല്ല പിണറായി വിജയന് ഇന്നുള്ളത്. സാലറി ചലഞ്ചിനോട് വിമുഖത കാണിക്കുന്നവരെ ധനമന്ത്രി തോമസ് ഐസക് ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിക്കുന്നതിൽ സുതാര്യതയില്ലെന്നും സുധാകരൻ ആരോപിച്ചു. സാലറി ചാലഞ്ചിന്റെ മുൻ അനുഭവങ്ങൾ കേരളത്തിലെ ജനങ്ങൾക്കുണ്ട്. ശമ്പളം എന്നത് സർക്കാരിന്റെ ഔദാര്യമല്ല, നേരെ മറിച്ച് അവകാശമാണ്. യോഗ്യത തെളിയിച്ച് ജോലിയിൽ കയറിയവരാണ് ജീവനക്കാർ. അതല്ലാതെയുള്ള ഐസക്കിന്റെ വിരട്ടൽ വിലപ്പോകില്ല.

കൊവിഡ് അവലോകന യോഗത്തിൽ എം.പി, എം.എൽ.എമാരെ ഒഴിവാക്കുന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു. ഡി.വൈ.എഫ്.ഐയുടെ കൊടി കെട്ടിയ വാഹനത്തിലാണ് സൗജന്യ റേഷൻ സാധനങ്ങൾ എത്തിക്കുന്നത്. കണ്ണൂർ കോർപ്പറേഷനിൽ ആയിരത്തിലധികം പേർക്ക് സൗജന്യ ഭക്ഷണം നൽകാൻ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പണപ്പിരവ് അടക്കം നടത്തി കളക്ടറുടെ നേതൃത്വത്തിൽ മുൻസിപ്പൽ സ്കൂളിൽ പാർട്ടി കിച്ചണും നടത്തുന്നുണ്ടെന്ന് സുധാകരൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.എം. ഷാജി എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.ഒ. മോഹനൻ എന്നിവരും ഉണ്ടായിരുന്നു.