tourism

കൊച്ചി: കൊവിഡ്-19 ഭീതി, ലോക്ക് ഡൗൺ എന്നിവമൂലം കഴിഞ്ഞ ജനുവരി-മാർച്ച് കാലയളവിൽ കേരളാ ടൂറിസം നേരിട്ട നഷ്‌ടം ഏകദേശം 10,000 കോടി രൂപ. മാർച്ച് 31ന് സമാപിച്ച 2019-20 സാമ്പത്തിക വർഷത്തിൽ ആകെ 45,000 കോടി രൂപയുടെ വരുമാനമാണ് കേരളാ ടൂറിസം പ്രതീക്ഷിച്ചിരുന്നത്. കൊവിഡ്-19 ഭീതിമൂലം സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞതും ലോക്ക്ഡൗൺ മൂലം ജനജീവിതം സ്‌തംഭിച്ചതും നഷ്‌ടത്തിന് കാരണമായി.

നേരിട്ടും അല്ലാതെയും കേരളത്തിൽ ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നത് 15 ലക്ഷത്തോളം പേരാണ്. ടൂറിസത്തിന് അനുബന്ധമായി ചെറുകിട, വഴിയോര കച്ചവടം നടത്തുന്നവരുടെ ദൈനംദിന ജീവിതം തന്നെ താറുമാറായി. ടൂറിസം മേഖലയുടെ രക്ഷയ്ക്കായി പ്രത്യേക പാക്കേജ് തേടി സർക്കാരിനെ സമീപിക്കുമെന്ന് കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു 'കേരളകൗമുദി"യോട് പറഞ്ഞു.

ഇതിനകം സർക്കാരുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് നിലവിൽ കേരളത്തിലുണ്ടായിരുന്ന ജർമ്മൻ, ഫ്രഞ്ച് സഞ്ചാരികളെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചയച്ചത്. റഷ്യൻ സഞ്ചാരികളും ഉടൻ തിരികെപ്പോകും. ജില്ലകളിൽ കൊവിഡ്-19 ഹെൽപ്പ് ഡെസ്‌കിനും തുടക്കമിട്ടു. സാമ്പത്തിക ആശ്വാസം തേടിയുള്ള ശുപാർശകൾ സർക്കാരിന് വൈകാതെ സമർ‌പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചുവരവ് വൈകും

കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് സാധാരണ നിലയിലെത്താൻ ഏകദേശം ആറുമാസമെങ്കിലും വേണ്ടിവരും. വിദേശ സ‌ഞ്ചാരികളുടെ ഒഴുക്ക് ശക്തമാകാൻ ഒരുവർഷത്തിനുമേലും വേണം. ഈ സാഹചര്യത്തിൽ, 2020-21ലെ മൊത്തം വരുമാന നഷ്‌ടം 40,000 കോടി രൂപ കടന്നേക്കാം.

കുതിപ്പിന് തടയിട്ട്

കൊവിഡ്

2017-18ൽ 36,000 കോടി രൂപയായിരുന്നു കേരളാ ടൂറിസത്തിന്റെ വരുമാനം. 2018-19ൽ 40,000 കോടി രൂപ. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച വർഷത്തിൽ 45,000 കോടി രൂപയാണ് പ്രതീക്ഷിച്ചതെങ്കിലും കൊവിഡ്-19 മൂലം ജനുവരി-മാർച്ച് ത്രൈമാസത്തിൽ 10,000 കോടി രൂപയോളം ഒലിച്ചുപോയി.

₹1.96 കോടി

കഴിഞ്ഞവർഷം കേരളം സന്ദർശിച്ച ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികൾ 1.96 കോടി. വർദ്ധന 17.2 ശതമാനം.

ഇന്ത്യയ്ക്ക് നഷ്‌ടം

₹5 ലക്ഷം കോടി

കൊവിഡ്-19, ലോക്ക്ഡൗൺ എന്നിവ മൂലം ഇന്ത്യാ ടൂറിസം ഇതുവരെ കുറിച്ച നഷ്‌ടം ഏകദേശം അഞ്ചുലക്ഷം കോടി രൂപ. അഞ്ചുകോടിയോളം പേർക്ക് തൊഴിലും ഇല്ലാതായി. ഇതിൽ സംഘടിത മേഖലയിലുള്ള ബ്രാൻഡഡ് ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ എന്നിവ മാത്രം 1.58 ലക്ഷം കോടി രൂപ നഷ്‌ടം നേരിട്ടുവെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) വ്യക്തമാക്കി.

സംഘടിത മേഖലയുടെ നഷ്‌ടക്കണക്ക്: