അബുദാബി: ഒരു തരത്തിലും നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിയ തങ്ങളെ കൊവിഡ് രോഗം കീഴടക്കുമെന്ന് ഭയന്ന് ലേബർ ക്യാമ്പിൽ ഉരുകി കഴിയുകയാണ് അബുദാബി ബനിയാസിലെ ഒരു കൂട്ടം മലയാളികൾ. വിമാന സർവീസും നിലച്ചതോടെ നാട്ടിലെത്താൻ ഒരു രക്ഷയും ഇല്ലെന്ന് അറിയാം, പക്ഷേ, യാതൊരു സുരക്ഷിതത്വവും ഇല്ലാതെ ജോലി ചെയ്യാൻ കമ്പനിയുടെ സമ്മർദ്ദം കൂടി തുടങ്ങിയതോടെ ഇവർ കടുത്ത ആശങ്കയിലാണ്. ലേബർ ക്യാമ്പിൽ കഴിയുന്ന കാഞ്ഞങ്ങാട് സ്വദേശിയായ ഒരു പ്രവാസി നാട്ടിലെ സുഹൃത്തുക്കൾക്ക് അയച്ച സന്ദേശം ഇങ്ങനെയാണ്:
"ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഈ അസമയത്ത് മെസേജ് അയക്കുന്നത്. കിടന്നിട്ട് ഉറക്കം വരുന്നില്ല. ഞങ്ങൾ ഇവിടെ ഒട്ടും സുരക്ഷിതരല്ല. ഞാൻ താമസിക്കുന്നത് അബുദാബിയിലെ ബനിയാസിലെ ഒരു ലേബർ ക്യാമ്പിലാണ്. ഓരോ ദിവസവും കൊവിഡ് 19 വ്യാപനം കൂടി കൊണ്ടിരിക്കുകയാണ്. എന്റെ ചുറ്റിലും പലരും ഇതിൽ വീണുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ആശങ്ക ഉണ്ട്. രോഗം എനിക്കും വരുമെന്നാണ് പേടി. കാരണം, ഞങ്ങളുടെ റൂമിൽ കഴിയുന്ന 10 പേരടക്കം ക്യാമ്പിലെ നൂറിലേറെ ആൾക്കാർ ഉപയോഗിക്കുന്നത് പൊതു ശൗചാലയമാണ്. ഇവിടെ ആർക്കൊക്കെ രോഗം വന്നിട്ടുണ്ടാകാം എന്നറിയില്ല. ഒരു ഭാഗ്യ പരീക്ഷണം പോലെ ആണിപ്പോൾ കഴിയുന്നത്.
രോഗ ലക്ഷണങ്ങൾ കാണിച്ചവരെയും റിപ്പോർട്ട് പോസിറ്റീവ് ആയവരെയും റൂമിൽ നിന്ന് മാറ്റി. പക്ഷെ, റിപ്പോർട്ട് വരാൻ കുറഞ്ഞത് 3-5 ദിവസമെങ്കിലും വേണ്ടേ. ഇടവേളയിൽ ആ റൂമിൽ ഉള്ളവർ പുറത്തൊക്കെ ജോലിക്ക് പോയിട്ടുണ്ടാകും, പൊതു ശൗചാലയം ഉപയോഗിച്ചിട്ടും ഉണ്ടാകും. ഗവ. നിർദ്ദേശം അനുസരിച്ച് ഇന്നലെ 24 മണിക്കൂർ ക്യാമ്പിൽ നിന്ന് പുറത്തേക്കുള്ള ഗേറ്റ് പൂട്ടി. അതുകൊണ്ട് ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം ഭാഗികമായെങ്കിലും പൂട്ടിയിട്ടുണ്ടാകും എന്ന് തോന്നുന്നു. അവിടത്തെ തൊഴിലാളികളിൽ ഏറെയും ഞങ്ങളുടെ ക്യാമ്പിൽ കഴിയുന്നവരാണ്.
എല്ലാവരോടും ജോലിക്ക് പോകാൻ കമ്പനി നിർബന്ധിച്ചെങ്കിലും ഗേറ്റുകൾ തുറക്കാൻ സെക്യൂരിറ്റി തയ്യാറാകാത്തതും ഞങ്ങൾ ആരും പോകാൻ തയ്യാറാകാത്തതും കൊണ്ട് ഇന്നലെ ശ്രമം നടന്നില്ല. വൈറസിന്റെ വ്യാപനം തടയാൻ ശ്രമം നടക്കുമ്പോൾ കമ്പനി സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ജോലിക്ക് പോകാൻ നിർബന്ധിക്കുകയാണ്. ഇന്നലെ മുഴുവൻ പൂട്ടിയിട്ടിട്ടും ഒരു ആരോഗ്യ ഇടപെടലും നടത്തിയിരുന്നില്ല. ഞങ്ങൾ ഒരു സുരക്ഷയും ഇല്ലാതെ വീണ്ടും ജോലിയിടത്തേക്ക് ഇറങ്ങേണ്ടി വരും ? പേടിയുണ്ട്, നാട്ടിലേക്ക് പോകണമെന്നുണ്ട്.... എന്തെങ്കിലും ചെയ്യാൻ പറ്റുമോ"