വാഷിംഗ്ടൺ ഡി.സി: മനുഷ്യരാശിയുടെ പകുതിയിലേറെയും വീടിനകത്താണെങ്കിലും ലോകരാജ്യങ്ങളിൽ കൊവിഡ് 19 മരണവേഗത്തിൽ വ്യാപിക്കുന്നു. മരണസംഖ്യ 60,000 അടുത്തു (59,949). രോഗികൾ 11,27528 ആയി.
അമേരിക്കയിലും സ്പെയിനിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. സ്പെയിനിൽ 24 മണിക്കൂറിനിടെ 546 പേർ മരിച്ചു. മൊത്തം മരണം 11744 ആയി. 1,24,736പേർ ചികിത്സയിലാണ്. അമേരിക്കയിൽ ഒറ്റ ദിവസം 1480 പേർ മരിച്ചതോടെ മരണം 7403 ആയി കുത്തനെ ഉയർന്നു. രോഗികൾ 2,77,522 ആയി. ന്യൂയോർക്കിൽ മാത്രം ഒരു ലക്ഷത്തോളം രോഗികളുണ്ട്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ലോക്ഡൗൺ നടപ്പാക്കിയാലും മരണം രണ്ട് ലക്ഷം കവിയുമെന്നാണ് ആശങ്ക.
പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമാക്കുമെന്ന് പറഞ്ഞ പ്രസിഡന്റ് ട്രംപ്, താൻ മാസ്ക് ധരിക്കില്ലെന്ന് പറഞ്ഞത് വിവാദമായി. മാസ്ക് ധരിച്ചുകൊണ്ട് ലോക നേതാക്കളെ സ്വീകരിക്കുന്നത് ചിന്തിക്കാനാവില്ല. ഞാൻ ഒരിക്കലും മാസ്ക് ധരിക്കാൻ പോകുന്നില്ല – ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിരവധിപേരാണ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയത്.
ബ്രിട്ടനിൽ 24 മണിക്കൂറിൽ 684 പേർ കൂടി മരിച്ചതോടെ ആകെ മരണം 3605 ആയി. ഇതോടെ മരണ സംഖ്യയിൽ ബ്രിട്ടൻ ചൈനയെ (3322) മറികടന്നു.ആകെ രോഗികൾ 38,168.
സ്പെയിനിൽ രണ്ടാം ദിവസവും 900ത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സ്പെയിനിലെ ആകെ മരണസംഖ്യ 11,744 ആയി. 1,24,736 പേർക്കാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഫ്രാൻസിൽ ഒറ്റ ദിവസം 1355 പേർ മരിച്ചു. നഴ്സിംഗ് ഹോമുകളിൽ നൂറുകണക്കിന് മരണം. ആകെ മരണം 6057. ഫ്രാൻസും മരണസംഖ്യയിൽ ചൈനയെ മറികടന്നു. 82,165 പേർ ചികിത്സയിലാണ്.