-pandemic-thriller

എഡിൻബർഗ്: 'ഒരിക്കൽ തന്റെ നോവലിനെ ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്തെ പൊട്ട കഥയെന്ന് പറഞ്ഞ് നിങ്ങൾ തള്ളിക്കളഞ്ഞു. ഇന്ന് തന്റെ നോവലാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുന്നു... ' പറയുന്നത് സ്കോട്ടിഷ് എഴുത്തുകാരനായ പീറ്റർ മേയ് ആണ്. തിരക്കഥാകൃത്ത് കൂടിയായ പീറ്റർ 2005ൽ 'ലോക്ക്ഡൗൺ ' എന്ന പേരിൽ ഒരു നോവൽ രചിച്ചിരുന്നു. ലോകത്തെ മുഴുവൻ വ്യാപിക്കുന്ന ഒരു മഹാമാരിയാണ് കഥയുടെ ഇതിവൃത്തം. 15 വർഷങ്ങൾക്കിപ്പുറം ലക്ഷക്കണക്കിന് മനുഷ്യരെ കീഴടക്കിയിരിക്കുകയാണ് കൊറോണ വൈറസ്.

യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ആരോപിച്ച് അന്ന് ആരും പീറ്ററിന്റെ പുസ്‌തകം അച്ചടിയ്ക്കാൻ തയാറായില്ല. എന്നാൽ ഒടുവിൽ ആ കഥ വെറും മിഥ്യയല്ലെന്ന് കാലം തെളിയിച്ചതിന്റെ ഫലമായി പുസ്‌തകം പുറത്തിറങ്ങി. വ്യാഴാ‌ഴ്ചയാണ് 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പീറ്ററിന്റെ പുസ്‌തകത്തിന് ജീവൻ ലഭിച്ചത്. ലണ്ടനിലാണ് കഥ നടക്കുന്നത്. ലണ്ടനിൽ നിന്നും ഒരു മഹാമാരിപ്പൊട്ടിപ്പുറപ്പെടുകയും അത് എല്ലാ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഒടുവിൽ മനുഷ്യരെല്ലാം ലോക്ക്ഡൗണിലാകുന്നു. കഥ മുഴുവൻ പീറ്ററുടെ ഭാവനയിൽ വിരിഞ്ഞതല്ല. ഇതിനുമുമ്പ് ബ്രിട്ടനിലും അമേരിക്കയിലും ഉണ്ടായിട്ടുള്ള മഹാമാരികളെ പറ്റി പഠിച്ച ശേഷമാണ് പുസ്‌തകം രചിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും യഥാർത്ഥത്തിലുള്ളതാണ്.

'താൻ ഈ പുസ്‌ത‌‌‌കം രചിക്കുന്ന സമയം പക്ഷിപ്പനിയാകാം അടുത്തതായി ലോകത്തെ വിറപ്പിക്കാൻ പോകുന്ന മഹാമാരിയെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. വളരെ ഭയാനകമായ പ്രവചനമായിരുന്നു അത്. താൻ അതേ പറ്റി കൂടുതൽ ഗവേഷണങ്ങൾ നടത്തി. ഒരു പക്ഷേ, ലോകത്തിനിയുണ്ടാകാൻ പോകുന്ന മഹാമാരിയുടെ ഉത്ഭവ കേന്ദ്രം ലണ്ടനാണെങ്കിൽ എങ്ങനെയിരിക്കും. ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് താൻ പുസ്‌തക രൂപത്തിൽ രചിച്ചിരിക്കുന്നത് ' -68കാരനായ പീറ്റർ മേയ് പറയുന്നു.

പക്ഷിപ്പനിയും കൊറോണയും തമ്മിൽ ഏറെ വ്യത്യാസങ്ങളുണ്ട്. എന്നാൽ മഹാമാരി ഏതായാലും അതിന്റെ വ്യാപനം തടയാൻ കോടിക്കണക്കിന് ജനങ്ങൾ ലോക്ക്ഡൗണിലാകേണ്ടി വരും. പീറ്റർ മേയ്‌യുടെ രചനയ്ക്ക് കൊറോണ വൈറസുമായുള്ള സാമ്യം ലോകശ്രദ്ധയാകർഷിക്കുമെന്നാണ് പുസ്‌‌തകത്തിന്റെ പ്രസാധകർ പറയുന്നത്.

എല്ലാവരും ഒന്നടങ്കം ഒഴിവാക്കിയതോടെ കുറച്ചു നാളായി താൻ ഇങ്ങനെയൊരു പുസ്‌തകം എഴുതിയിരുന്നതായി പോലും പീറ്റർ ഓർത്തിരുന്നില്ല. കൊറോണ വൈറസിനെ ആ‌സ്‌പദമാക്കി ഒരു പുസ്‌തകം രചിക്കാമോ എന്ന് ഒരാൾ ട്വിറ്ററിലൂടെ ചോദിച്ചപ്പോഴാണ് 2005ൽ താൻ രചിച്ച ' ലോക്ക്ഡൗണി'നെ പറ്റി ഓർമവന്നതെന്ന് പീറ്റർ പറയുന്നു.