reshma
രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന രേഷ്മമോഹൻദാസിനെ യാത്രയാക്കുന്ന മെഡിക്കൽ കോളേജിലെ സഹപ്രവർത്തകർ

തിരുവനന്തപുരം : രോഗികളായ വൃദ്ധദമ്പതികളെ പരിപാലിക്കുന്നതിനിടെ പിടിപെട്ട കൊവിഡ് -19 നെ അതിജീവിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് തൃപ്പുണ്ണിത്തുറ തിരുവാങ്കുളം സ്വദേശി രേഷ്മ മോഹൻദാസ് മലയാളികളുടെ മാലാഖക്കുട്ടി. കൊവിഡിനെ തോൽപ്പിക്കാൻ താൻ വീണ്ടുമെത്തുമെന്ന പ്രഖ്യാപനത്തോടെ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ രേഷ്മ കരുതലിന്റെ ഭാഗമായി തിരുവാങ്കുളത്തെ വീട്ടിൽ പതിനാല് ദിവസത്തെ കൂടി ഐസൊലേഷനിലാണ്.വീട്ടിലെ ഏകാന്തവാസത്തിനിടെ കോട്ടയം മെഡിക്കൽ കോളേജിലെ തന്റെ കൊറോണ ഡ്യൂട്ടിക്കാലം കേരളകൗമുദി ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

'' മൂന്ന് വർഷം മുമ്പ് സ്റ്റാഫ് നഴ്സായാണ് കോട്ടയം മെഡിക്കൽ കോളേജിൽ സർവ്വീസിൽ പ്രവേശിച്ചത്. മെഡിക്കൽ കോളേജിലെ മേജർ ഓപ്പറേഷൻ തിയേറ്ററിലായിരുന്നു ഡ്യൂട്ടി. കൊവിഡിന്റെ തുടക്കത്തിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് കൊവിഡ് രോഗികളെ പരിചരിക്കാൻ തയ്യാറുള്ളവരുടെ ലിസ്റ്റ് കൊടുക്കണമെന്ന സന്ദേശമെത്തി. രോഗത്തിന്റെ ഗൗരവമോ മറ്റ് കാര്യങ്ങളോ ഒന്നും ചിന്തിക്കാതെ അപ്പോൾതന്നെ പേര് നൽകി. മാർച്ച് 12നാണ് കോട്ടയം മെഡിക്കൽ കോളേജിൽ കൊവിഡ് ഡ്യൂട്ടി ആരംഭിച്ചത്. തൃപ്പുണ്ണിത്തുറയിലെ വീട്ടിൽ നിന്ന് കോട്ടയത്ത് വന്നുപോകുന്നതായിരുന്നു രീതി. കൊവിഡ് ഡ്യൂട്ടി ആരംഭിച്ച 12ന് രാവിലെ വീട്ടിൽ നിന്ന് തുണിയും അത്യാവശ്യ സാധനങ്ങളും കരുതിക്കൊണ്ടാണ് ഇറങ്ങിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് കേസുകളെ പരിചരിക്കലാണെന്ന് മനസിലായത്. റാന്നിയിൽ നിന്നെത്തിയ വൃദ്ധദമ്പതികളായ തോമസ് എബ്രഹാമും (93)മറിയാമ്മ തോമസും(87) ആയിരുന്നു ചികിത്സയ്ക്കെത്തിയത്.

പഴ്സണൽ പ്രൊട്ടക്ഷൻ കിറ്റ് ധരിച്ച് നാലുമണിക്കൂർ വീതമായിരുന്നു ഡ്യൂട്ടി. ഇരുപതാമത്തെ വയസിൽ വിവാഹം കഴിച്ച വൃദ്ധദമ്പതികൾ പിരിഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവരല്ല. പരസ്പരം എപ്പോഴും കാണണമെന്നാഗ്രഹിക്കുന്നതിനാൽ രണ്ടുപേരെയും ഒരു ഐ.സി റൂമിലാണ് പ്രവേശിപ്പിച്ചത്. ഐ.സി റൂമിൽ മുഴുവൻ സമയ നിരീക്ഷണത്തിലായതിനാൽ ഇവർക്ക് ബെഡിൽ നിന്ന് ഇറങ്ങാനോ നടക്കാനോ കഴിയില്ല. രാവിലെ പല്ലുതേൽപ്പിക്കലും പ്രാഥമിക കൃത്യങ്ങളുമെല്ലാം നിറവേറ്റി തുണി ഉപയോഗിച്ച് ശരീരം തുടച്ച് വൃത്തിയാക്കണം. അമ്മച്ചിക്ക് കേൾവിക്കുറവുള്ളതിനാൽ അടുത്തിടപഴകിയേ മതിയാകൂ.. മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഡ്യൂട്ടികഴിഞ്ഞാൽ മറ്റാരുമായും ഇടപെടാതെ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽമുറിയിലാണ് കഴിയുന്നത്. മാർച്ച് 12 മുതൽ 22 വരെയായിരുന്നു ഡ്യൂട്ടി. ഡ്യൂട്ടി അവസാനിച്ച് അടുത്തദിവസം രാവിലെയാണ് എനിക്ക് അസ്വസ്ഥതകൾ തുടങ്ങിയത്.

തൊണ്ടയ്ക്ക് വേദനയും ജലദോഷമുവായിരുന്നു തുടക്കം. പെട്ടെന്ന് ശരീരവേദന, ഒച്ചയടപ്പ് തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടു. ഹെഡ് സിസ്റ്ററെ വിളിച്ച് വിവരം പറഞ്ഞു. സിസ്റ്ററുടെ നിർദേശാനുസരണം കൊവിഡ് ഫിവർ ക്ളിനിക്കിലെത്തി.ഇൻഫക്ഷൻ ഡിസീസ് കേസുകൾ കൈകാര്യം ചെയ്യുന്ന ഡോ.ഹരികൃഷ്ണന്റെ നിർദേശാനുസരണം തൊണ്ടയിൽ നിന്നുള്ള സാമ്പിൾ പരിശോധനയ്ക്കെടുത്തു. നിരീക്ഷണത്തിൽ കഴിയാൻ തുടങ്ങി. അടുത്തദിവസം വൈകുന്നേരം പി.പി കിറ്റ് സ്യൂട്ടണിഞ്ഞ് ഡോക്ടർ ഹരികൃഷ്ണനെത്തിയപ്പോൾ തന്നെ പോസിറ്റീവാണെന്ന് എനിക്ക് മനസിലായി. വിവരം പറഞ്ഞ ഡോക്ടർ ധൈര്യം പകർന്നു. രോഗത്തെ അംഗീകരിക്കുന്നതായി ഡോക്ടറോട് വെളിപ്പെടുത്തിയശേഷം എൻജിനീയറായ ഭർത്താവ് ഉണ്ണികൃഷ്ണനെയും സ്വന്തം സഹോദരനായ വിഷ്ണുവിനെയും കാര്യം ധരിപ്പിച്ചു. പതറരുതെന്നും ധൈര്യമായിരിക്കണമെന്നുമായിരുന്നു ഭർത്താവിൽ നിന്ന് ലഭിച്ച ഉപദേശം. പ്രായമായവരായതിനാൽ അനാവശ്യടെൻഷനും ആശങ്കകൾക്കും ഇടയാക്കേണ്ടെന്ന് കരുതി അച്ഛനമ്മമാരോട് സംസാരിച്ചില്ല. രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ് ചാർജായശേഷമാണ് അവരോട് സംസാരിച്ചത്. കൊവിഡ് പരിചരണത്തിനിടെ രോഗബാധിതയായ ആരോഗ്യപ്രവർത്തകയെന്ന നിലയിൽ ആശുപത്രി സൂപ്രണ്ടുൾപ്പെടെയുള്ള ജീവനക്കാരും മന്ത്രിയുമുൾപ്പെടെ ധാരാളം പേർ വിളിച്ച് ആശ്വസിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്തു. ചികിത്സയ്ക്കൊപ്പം വീട്ടുകാരിൽ നിന്നും നാട്ടിൽ നിന്നും ലഭിച്ച പിന്തുണയും ആത്മധൈര്യവുമാണ് കൊവിഡെന്ന മഹാമാരിയെ ചെറുക്കാൻ കരുത്തായത്''- രേഷ്മ പറഞ്ഞു.

നമ്മുടെ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാർ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാൽ തന്നെ ആശങ്കകൾ ഇല്ലാതെ ജോലിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും. സഹപ്രവർത്തകർക്കും സമൂഹത്തിനുമുള്ള സന്ദേശമായി രേഷ്മ മോഹൻദാസ് വെളിപ്പെടുത്തി.