" ഹൃദയം പൂമ്പൊയ്കയായി ഹംസങ്ങൾ സ്വപ്നങ്ങളായി ,ആയിരമായിരം അഭിലാഷങ്ങൾ തെളിനീർക്കുമിളകളായി...." വിവിധ കാലഘട്ടങ്ങളിൽ മലയാളികളെ കോരിത്തരിപ്പിച്ച ഈ ഗാനം എം.ജയചന്ദ്രൻ പാടുമ്പോൾ വേറിട്ടൊരു അനുഭവതലത്തിലേക്ക് നമ്മൾ അറിയാതെ എത്തിപ്പെടുന്നു.സംഗീത സംവിധായകനെന്നതിനൊപ്പം മികച്ചൊരു ഗായകനെന്ന് കൂടി തെളിയിച്ചമെലഡിയുടെരാജകുമാരനാണ് എം.ജയചന്ദ്രൻ.ഒരു പെരുമഴക്കാലം എന്ന കമൽ ചിത്രത്തിൽ രാക്കിളിതൻ ..എന്നുതുടങ്ങുന്ന ഗാനം ആലപിച്ച് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടുകയും ചെയ്തു.
നീലജലാശയത്തിൽ എന്നു തുടങ്ങുന്ന ഈ ഗാനം ആലപിച്ചത് കേരളകൗമുദി വായനക്കാർക്കും പ്രേക്ഷകർക്കും വേണ്ടിയായിരുന്നു. അഞ്ച് ഗാനങ്ങൾ .ശ്രോതാക്കൾ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഈ പാട്ടുകൾ വീട്ടിലിരുന്ന് എം.ജയചന്ദ്രൻ കേരളകൗമുദിക്കു വേണ്ടി പാടി.
അദ്ദേഹം തന്നെ തിരഞ്ഞെടുത്ത് പാടിയ അഞ്ച് പാട്ടുകൾ വായനക്കാർക്കായി സമർപ്പിക്കുകയാണ്.കൊവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിലിരിക്കുന്നവർക്കായിട്ടാണ് ജയചന്ദ്രൻ ഈ പാട്ടുകൾ സമർപ്പിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം.
" ഇഷ്ടപ്പെട്ട അഞ്ച് പാട്ടുകൾ എന്നു പറയുമ്പോൾ അതേറ്റവും ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പായിട്ടാണ് എനിക്കു തോന്നുന്നത്.എത്രയെത്ര പാട്ടുകളാണ് കുഞ്ഞുനാൾ മുതൽ ഞാൻ കേട്ടിരിക്കുന്നത്.എത്രയെത്ര രാത്രികളിലും പകലുകളിലും എന്റെ സന്തോഷത്തിലും, സങ്കടത്തിലും, വേനലിലും മഴയിലുമൊക്കെ ഈ പാട്ടുകൾ എനിക്ക് കൂട്ടായിട്ടുണ്ട്.പെട്ടെന്ന് എന്റെ മനസിൽ വരുന്ന അഞ്ച് പാട്ടുകളാണ് ഞാൻ പറയുന്നത്.അതിന്റെ ചില വരികൾ കേരളകൗമുദി വായനക്കാർക്കും പ്രേക്ഷകർക്കുമായി മൂളാനും ശ്രമിക്കുകയാണ്.
1."ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം.."( ചിത്രം-ചിരിയോ ചിരി)
ജാലം ഇന്ദ്രജാലം എന്ന് ഈ പാട്ടിൽത്തന്നെ പറയുന്നുണ്ട്.ഇന്ദ്രജാലം നെയ്യുന്ന പാട്ടാണത്.രവീന്ദ്രൻ മാസ്റ്ററും ബിച്ചുതിരുമല സാറും കൂടി ചെയ്ത ആ പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല.
2."നീല ജലാശയത്തിൽ..ഹംസങ്ങൾ നീരാടും പൂങ്കളത്തിൽ....
നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു.."( ചിത്രം-അംഗീകാരം)
ഈ മനോഹരമായ പാട്ടിന്റെ നീലത്താമര വിരിയിച്ചത് ബിച്ചു തിരുമല സാറും എ.ടി.ഉമ്മർ സാറും ചേർന്നാണ്.അവിസ്മരണീയമായ ഗാനമാണിത്.ഹൃദയം പൂമ്പൊയ് കയായി...ഹംസങ്ങൾ സ്വപ്നങ്ങളായി ...മനസിനെ തരളിതമാക്കുന്ന സുന്ദരമായ വരികൾ.
3."കരയുന്നോ പുഴ ചിരിയിക്കുന്നോ...
കണ്ണീരുമൊലിപ്പിച്ച് കൈവഴികൾ പിരിയുമ്പോൾ.."--(ചിത്രം -മുറപ്പെണ്ണ് )
ഈ ഗാനത്തിലെ വരികൾക്ക് നൊമ്പരം കലർന്ന ഒരു മാധുര്യമുണ്ട്."മറക്കുവാൻ പറയാൻ എന്തെളുപ്പം മണ്ണിൽപിറക്കാതിരിക്കലാണ് അതിലെളുപ്പം ...പി.ഭാസ്ക്കരൻ സാറിന്റെ വരികൾ ഇങ്ങനെ മനസിൽ വന്നു കൊണ്ടേയിരിക്കുകയാണ്.ഒരു അലമാല പോലെ തന്നെ പിന്നെയും പിന്നെയും നമ്മുടെ മനസിൽ വന്ന് അലയടിക്കുന്നു.അതുപോലെ ബി.എ.ചിദംബരനാഥ് സാറിന്റെ സംഗീതം അത്ര അഴകാർന്നതാണ്.ഒരിക്കലും നമുക്ക് മറക്കാൻ പറ്റില്ല.
4." വേഴാമ്പൽ കേഴും വേനൽ കുടീരം നീ...."( ചിത്രം- ഓളങ്ങൾ)
ഒ.എൻ.വി സാർ എഴുതുന്ന പാട്ടുകളിലെല്ലാം സാറിന്റെ ഒരു സ്റ്റാമ്പ് ഉണ്ടാകും.അതുപോലെ ഇളയരാജ സാറിന്റെ സംഗീതത്തിനും ആ സ്റ്റാമ്പുണ്ട്.രണ്ട് ലെജണ്ടുകളും ഒത്തു ചേരുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി പകരുന്ന ഗാനം പിറക്കുന്നു.
5." അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു
ഞാൻ, ഒരുമാത്ര വെറുതെ നിനച്ചുപോയി.."( ചിത്രം- നീയെത്ര ധന്യ)
എന്റെ ഗുരുനാഥൻ ദേവരാജൻ സാർ ഈണമിട്ട പാട്ടാണിത്.അദ്ദേഹത്തിനു മാത്രം സാധിക്കുന്ന മലയാൺമയുള്ള ഒരു മെലഡി. ഓ.എൻ.വി സാർ തന്നെ പറഞ്ഞു അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയിയെന്ന് .ഇരുവരും തമ്മിലുള്ള സ്നേഹ സൗഹൃദത്തിന്റെ സ്പർശമുള്ള ഗാനം.