കൊച്ചി: സംസ്ഥാനത്തെ തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങൾ കർശന നിയന്ത്രണങ്ങളോടെ ഭാഗികമായി തുറക്കാൻ സർക്കാർ അനുമതി. വിളവെടുപ്പും സംഭരണവും സംസ്‌കരണവും, ജലസേചനം ഉൾപ്പെടെയുള്ള സംരക്ഷണപ്രവർത്തനങ്ങൾ നിലച്ച ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് സർക്കാർ പ്രത്യേ ഉത്തരവ് പുറപ്പെടുവിച്ചത്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ ആരെയും തോട്ടങ്ങളിൽ ജോലിക്ക് നിയോഗിക്കാൻ പാടില്ല.
തേയില കൊളുന്ത് നുള്ളാനും സംസ്‌കരിക്കുന്നതിന് ഫാക്ടറികൾ പ്രവർത്തിപ്പിക്കാനും മാത്രമാണ് അനുമതി. കൊളുന്ത് നുള്ളാൻ അര ഏക്കറിന് ഒരു തൊഴിലാളി എന്ന നിലയിൽ മാത്രമേ നിയോഗിക്കാവൂ. കൊളുന്ത് തൂക്കുന്ന ഇടങ്ങളിൽ തൊഴിലാളികൾ തമ്മിൽ എട്ടടി അകലം പാലിക്കണം. മസ്റ്ററിംഗ് പൂർണമായും ഒഴിവാക്കണം. ഫാക്ടറിയിൽനിന്ന് തേയില വെയർഹൗസിലേക്ക് കൊണ്ടുപോകുന്നതിനു മാത്രമായി വാഹനം ഉപയോഗിക്കാനും അനുമതിയുണ്ട്. ഏലത്തോട്ടങ്ങളിൽ ജലസേചനവും അത്യാവശ്യ കീടനാശിനി പ്രയോഗവും നടത്താം. ഇതിനായി ഒരു ഏക്കറിൽ ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ.
കാപ്പി തോട്ടങ്ങളിൽ ജലസേചനത്തിനും കീടനാശിനി പ്രയോഗത്തിനുമാണ് അനുമതി. എണ്ണപ്പന കുരു വിളവെടുക്കുകയും തോട്ടങ്ങൾക്കകത്തുള്ള ഫാക്ടറികളിൽ മാത്രം സംസ്‌കരിക്കുകയും ചെയ്യാം. ഇതിനായി 15 ഏക്കറിന് നാല് തൊഴിലാളികൾ എന്ന നിലയിൽ മാത്രമേ നിയോഗിക്കാവൂ. കശുവണ്ടി ശേഖരിക്കുകയും അവ യാർഡുകളിൽ എത്തിക്കുകയും ചെയ്യാം. ഒരു ഹെക്ടർ സ്ഥലത്ത് ഒരു തൊഴിലാളി എന്ന നിലയിൽ നിയോഗിക്കാം. ഗ്രാമ്പൂ വിളവെടുപ്പിന് ഒരു ഏക്കറിന് മൂന്ന് തൊഴിലാളികളെ വീതം നിയോഗിക്കാം. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ഉറപ്പു വരുത്തണം