റോം: പ്രതീക്ഷകൾ തെറ്റിച്ച് ഇറ്റലിയിലെ കൊവിഡ് മരണനിരക്ക് ഉയർന്ന് തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 766 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ ഇറ്റലിയിലെ ആകെ മരണസംഖ്യ 14,681 ആയി. അതേ സമയം, പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട്. 4,585 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും പ്രകടമാകുന്ന വർദ്ധനവ് ശുഭപ്രതീക്ഷയേകുന്നു. ഇന്നലെ മാത്രം 1,480 പേർ ആശുപത്രി വിട്ടു. ഇതോടെ രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 19,758 ആയി. 119,827 പേർക്കാണ് ഇതേവരെ ഇറ്റലിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശം വിതച്ച ലൊംബാർഡി മേഖലയിൽ മരിച്ചവരുടെ എണ്ണം 8,000 കവിഞ്ഞു.