ആലപ്പുഴ: ജില്ലയിലെ ഹാർബറുകളിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യ വിൽപനയ്ക്ക് അംഗീകാരം നൽകി ഹാർബർ മാനേജിംഗ് കമ്മിറ്റികൾ. ജില്ലയിലെ തോട്ടപ്പള്ളി, അർത്തുങ്കൽ ഹാർബറുകളിലാണ് വിപണനത്തിന് തീരുമാനമായത്. മത്സ്യഫെഡ് ചെയർമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട മാനേജിംഗ് കമ്മിറ്റികൾ ആദ്യ ഘട്ടത്തിൽ ജില്ലയിൽ തൊട്ടപ്പള്ളിയിലും അർത്തുങ്കലും മാത്രം ലേലം ഒഴിവാക്കി ടോക്കൺ വ്യവസ്ഥയിൽ വിൽപന നടത്താൻ തീരുമാനമെടുത്തു.
അഞ്ചിൽ താഴെ മാത്രം മത്സ്യത്തൊഴിലാളികൾ പോകുന്ന വള്ളങ്ങൾക്കാണ് ഇപ്പോൾ അനുമതിയുള്ളത്. ഓരോദിവസത്തേയും വ്യത്യസ്ത ഇനം മത്സ്യങ്ങൾക്ക് മത്സ്യഫെഡാണ് വില നിശ്ചയിച്ച് പ്രസീദ്ധീകരിക്കുന്നത്.ഹാർബറിലെ കൗണ്ടറുകൾ മുഖേന നൽകുന്ന ടോക്കൺ വഴി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.ആദ്യ രണ്ട് മണിക്കൂറിൽ ചെറുകിട കച്ചവടക്കാരെയും തുടർന്ന് ലോറിപോലെയുള്ള വലിയ വാഹനങ്ങളെയും മത്സ്യമെടുക്കാൻ അനുവദിക്കും. രാവിലെ ആറുമുതൽ പന്ത്രണ്ട് വരെയാണ് നിലവിൽ വിപണനം അനുവദിച്ചിരിക്കുന്നത്. ലോഡിംഗ്, അൺലോഡിംഗ് എന്നിവ നിലവിലെ വ്യവസ്ഥകൾക്ക് മാറ്റമില്ല.