മീററ്റ്: ലോകമെങ്ങും കൊവിഡ് 19 എന്ന ഭീകര രോഗം പടർന്ന് കയറുമ്പോൾ ഇന്ത്യൻ ഭരണ കൂടത്തെ ഏറ്റവും ആശങ്കയിലെത്തിക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്. രാജ്യത്ത് ഭൂമി ശാസ്ത്ര പരമായി വലിപ്പത്തിൽ അഞ്ചാം സ്ഥാനത്താണെങ്കിലും ജനസംഖ്യയിൽ ഒന്നാമതാണ് ഈ വടക്കേന്ത്യൻ സംസ്ഥാനം. രാജ്യം ആര് ഭരിക്കണമെന്ന് പോലും നിശ്ചയിക്കുന്ന ഈ മണ്ണ് കൊവിഡിന് മുന്നിൽ അടി പതറിയാൽ രാജ്യം നേരിടുക സമാനതകളില്ലാത്ത തിരിച്ചടിയായിരിക്കും. ഉത്തർപ്രദേശിന്റെ കാൽഭാഗം പോലും ജനസംഖ്യയില്ലാത്ത കേരളത്തെ കൊവിഡ് 19 ആദ്യ ഘട്ടത്തിൽ തന്നെ അക്രമിച്ചെങ്കിലും ഉത്തർപ്രദേശിനെ ഇപ്പോഴാണ് വലച്ച് തുടങ്ങിയത്. ആരോഗ്യ രംഗത്തൊക്കെ വളരെ പരിതാപകരമായതും വിദ്യാഭ്യാസവും സാമൂഹികവുമായ പിന്നോക്കാവസ്ഥയും ഈ സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്നതിൽ ഭരണാധികാരികൾക്ക് പോലും ആശങ്കയുണ്ട്.
ഏറ്റവും ഒടുവിലെ കണക്ക് അനുസരിച്ച് ഉത്തർപ്രദേശിൽ കൊറോണ ബാധിതർ 174 ആയിട്ടുണ്ട്. 19 പേർ രോഗ വിമുക്തരായി ആശുപത്രി വിടുകയും രണ്ടു പേർ മരിക്കുകയും ചെയ്തു. മീററ്റിലും ബസ്തിയിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്. പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ഗൗതം ബുദ്ധ നഗർ-48, മീററ്റ്-24, ആഗ്ര-12, ലക്നൗ-10, ഗാസിയാബാദ്-9, ബാറേലി-6, ബുലന്തേശ്വർ-3, ബസ്തി, വാരണാസി,പിലിബിത്ത്-2വീതം, ഗാസിപൂർ, ഹപ്പൂർ, ബാഗ്പത്, ജൻപൂർ, ഷംലി, മൊറാദാബാദ്, കാൺപൂർ, ലക്ഷിംപൂർ എന്നിവിടങ്ങളിൽ ഒന്ന് വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ തബ്‌ലീഗ് ജമാഅത്ത് യോഗത്തിൽ പങ്കെടുത്തവരിൽ നിന്നായി 429 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. ഈ യോഗത്തിൽ പങ്കെടുത്തവരെയെല്ലാം ക്വാറന്റൈൻ ചെയ്യാനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. ഇതിൽ ഇവരുടെ ബന്ധുക്കളും ഉൾപ്പെടും.
രാജ്യത്ത് ഇതുവരെ 2902 കേസുകളാണ് പോസിറ്റീവായത്. ഇതിൽ 184 പേർ വിമുക്തരായപ്പോൾ 68പേർ മരിച്ചു. 24 മണിക്കൂറിനിടെ ഉത്തർ പ്രദേശിൽ 34 പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തു. കിംഗ് ജോർജ്ജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഐസൊലേഷൻ വാർഡിന്റെ ചുമതലയിലുള്ള ഡോ. സുധീർ സിംഗ് ഇക്കാര്യം സ്ഥിരീകരിക്കുന്നു. പ്രധാന കേന്ദ്രമായ ആഗ്രയിലടക്കമാണ്‌കേസ് രജിസ്റ്റർ ചെയ്തത്. 75 ജില്ലകളിൽ 24 ഇടത്തും പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 14 ജില്ലകളിൽ വ്യാപിപ്പിച്ചത് തബ്ലീഗ് കാരാണ്. 47 കേസുകൾ ഇക്കൂട്ടർ മുഖേന ഉണ്ടായി. ഇതുവഴി ഉണ്ടായേക്കാവുന്ന രോഗ വ്യാപന സാദ്ധ്യത സർക്കാരിന്റെ നെഞ്ചിടിപ്പേറ്റുന്നുണ്ട്.
നിലവിൽ എട്ട് ലാബുകളിലാണ് കൊവിഡ് പരിശോധന തുടരുന്നത്. ജാൻവിയിൽ കൂടി തുടങ്ങിയാൽ ഇത് ഒൻപതാകും. പക്ഷെ, ജനസംഖ്യ ഇത്രയേറെ കൂടിയ സംസ്ഥാനത്ത് ഇത് മതിയോ എന്നാണ് ചോദ്യം ഉയരുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ ആറിൽ ഒന്നും ഇവിടെയാണ്. ഇരുപത് കോടിയിലേറെ വരും ഇവിടെ. ഒരു ചതുരശ്ര കിലോ മീറ്ററിൽ മുന്നൂറുപേർ കഴിയുന്നുണ്ട്. ചേരി പ്രദേശങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും അനവധിയാണ്. ഇവിടത്തെ സാമൂഹിക പശ്ചാത്തലങ്ങളും രോഗ വ്യാപനത്തിന് ഇടയാക്കിയേക്കാം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച സംസ്ഥാനം ഒട്ടനവധി ദേശീയ നേതാക്കളെയും സംഭാവന ചെയ്തിട്ടുണ്ട്.18 ഡിവിഷനുകളായാണ് ഇവിടത്തെ ജില്ലകളെ കണക്കാക്കുക. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി, കോൺഗ്രസ്, ബി.എസ്.പി, എസ്.പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഈ സംസ്ഥാനവുമായി അഭേദ്യമായ ബന്ധമുണ്ട്. സാമുദായിക ദ്രുവീകരണം ഏറ്റവും ശക്തമായ ഒരു സംസ്ഥാനമെന്നതോടൊപ്പം വിദ്യാഭ്യാസ പരമായ പിന്നാക്കാവസ്ഥയുമുണ്ട്. ഇതിനാൽ രോഗ വ്യാപന സാദ്ധ്യതയും ഏറുമെന്നാണ് ആശങ്ക.