തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ ഭാഗമായി അമിതവിലയും കരിഞ്ചന്തയും തടയാൻ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി വരുന്ന വിജിലൻസ് വരും ദിവസങ്ങളിൽ റേഷൻ കടകളിലും കയറും.സൗജന്യ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളിൽ റേഷൻ ഷോപ്പുകളിൽ ക്രമക്കേട് നടക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് റേഷൻ കടകളിലും മിന്നൽ പരിശോധന നടത്താൻ വിജിലൻസ് തീരുമാനിച്ചത്. അർഹതപ്പെട്ട റേഷൻ സാധനങ്ങൾ കാർഡ് ഉടമകൾക്ക് നൽകാതിരിക്കുക, തൂക്കത്തിൽ കുറവ് വരുത്തുക, അമിത വില ഈടാക്കുക, സമയക്ളിപ്തത പാലിക്കാതിരിക്കുക, കൊവിഡ് നിയന്ത്രണങ്ങളും നിർദേശങ്ങളും അവഗണിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുന്നത്.ക്രമക്കേടുകൾ കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്യുകയും കടകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യുമെന്ന് വിജിലൻസ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1213 വ്യാപാരസ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന നടത്തി. ചില വ്യാപാരികൾ നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായും വൻതോതിൽ സാധനങ്ങൾ സംഭരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ഒട്ടു മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദർശിപ്പിചിട്ടില്ല. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അധിക വില ഈടാക്കിവരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു.കണ്ണൂർ പാനൂരിലെ സ്വകാര്യ ഗോഡൗണിൽ 1600 ലധികം ഭക്ഷ്യവസ്തുക്കളും കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിൽ 55 ചാക്ക്ഭക്ഷ്യവസ്തുക്കളും പൂഴ്ത്തിവച്ചത് പിടിച്ചെടുത്തു. ഇന്നലെ സംസ്ഥാനമൊട്ടാകെ 309 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 120 വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി.
ഇന്നലെ തിരുവനന്തപുരത്ത് 40 ഉം കോട്ടയം ,കോഴിക്കോട് ജില്ലകളിൽ 15ഉം പാലക്കാട് 12ഉം വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തു. പത്തനംതിട്ട കൈപ്പട്ടൂരിലും പാലക്കാട് കൊല്ലങ്കോട്ടും കുപ്പി വെള്ളത്തിന് 20 രൂപ ഈടാക്കിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു .ലോക്ക് ഡൗൺ കാലത്ത് അമിത വില ഈടാക്കി ഉപഭോക്താക്കളെ കൊള്ള അടിക്കാനുള്ള നീക്കത്തിനെതിരെ വരും ദിവസങ്ങളിലും സംസ്ഥാനമൊട്ടാകെ പരിശോധനകൾ തുടരുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് അറിയിച്ചു. വിജിലൻസ് ഐ. ജി എച്ച്. വെങ്കിടേഷിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടന്ന പരിശോധനയ്ക്ക് , വിജിലൻസ് ഇന്റലിജൻസ് എസ്..പി ഇ.എസ്. ബിജുമോനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിജിലൻസ് യൂണിറ്റ് മേധാവികളും നേതൃത്വം നൽകി.