@തബ്‌ലീഗ്: 5 മരണം കൂടി, രോഗികൾ 1023 ആയി, 22,000 പേർ ക്വാറന്റൈനിൽ
@ധാരാവിയിൽ രണ്ട് പേർക്ക് കൂടി രോഗം
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളും ഇന്നലെ റിപ്പോർട്ടു ചെയ്തു. ഇന്ത്യയിൽ ഒരു ദിവസം രോഗം സ്ഥിരീകരിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തിൽ റെക്കാഡാണിത്. ഇതോടെ രാജ്യത്തെ ആകെ മരണം 95 ആയി. രോഗികളുടെ എണ്ണം 2902 ആയി. ആരോഗ്യമന്ത്രാലയത്തത്തിന്റെ കണക്കിൽ മരണം 68 ആണ്.
ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ് - 537. ഇതിൽ 300 പേരും മുംബയിലാണ്. ഇന്നലെ 88 കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം 26 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ചേരിപ്രദേശമായ ധാരാവിയിൽ ഇന്നലെ രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചു.
രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ഇന്നലെ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്‌തു. ആശുപത്രിയിൽ കഴിഞ്ഞിരുന്ന 51കാരനാണ് മരിച്ചത്. ഇയാൾ നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തബ്‌ലീഗ് സമ്മേളനം കഴിഞ്ഞു വന്ന 100 പേർക്കു കൂടി തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികൾ 500 കടന്നു.
തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ അസാമിലെ രോഗികളുടെ എണ്ണം 25 ആയി. മറ്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആറ് രോഗികളുണ്ട്.
ഡൽഹിയിൽ 24 മണിക്കൂറിനിടെ 167 പേർക്ക് രോഗം കണ്ടെത്തി. ഇതോടെ മൊത്തം 386 ആയി. ഇതിൽ 250 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
നിസാമുദ്ദീൻ സമ്മേളനത്തിൽ 17 സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്ത 1023 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ തബ്‌ലീഗിന്റെ പ്രവർത്തകരും അവർ സമ്പർക്കം പുലർത്തിയവരുമായി 22,000 പേരെ ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്. ഗുജറാത്തിലും കർണാടകയിലും ഒരോ തബ്‌ലീഗുകാർ മരിച്ചു.
യു. പിയിൽ 94 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികൾ227 ആയി. മദ്ധ്യപ്രദേശിൽ ഇന്നലെ രണ്ട് ലപേർ കൂടി മരിച്ചു. മൊ്തം മരണം പത്തായി.
#തിരിച്ചയച്ചു
ഗതാഗതനിയന്ത്രണങ്ങളെ തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലുമായി അലഞ്ഞു നടന്ന 112 ഫ്രഞ്ച് പൗരന്മാരെ എയർഇന്ത്യയുടെ വിമാനത്തിൽ പാരീസിലേക്ക് അയച്ചു.
@ ആശുപത്രിയിൽ തബ്‌ലീഗ് വിളയാട്ടം
യു.പി ഗാസിയാബാദിലെ ആശുപത്രിയിൽ വനിതകളായ നഴ്സുമാരോടും ഡോക്ടർമാരോടും അപമര്യാദയായി പെരുമാറിയ തബ്‌ലീഗ് പ്രവർത്തകർക്കെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് യു.പി സർക്കാർ കേസെടുത്തു. മനുഷ്യത്വത്തിന്റെ ശത്രുക്കൾ എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവരെ വിശേഷിപ്പിച്ചത്. ഇതേതുടർന്ന് വനിതാ ആരോഗ്യപ്രവർത്തത്തകരെയും നഴ്സുമാരെയും വനിതാ പൊലീസിനെയും ഡ്യൂട്ടിയിൽ നിന്ന് പിൻവലിച്ചു. തബ്‌ലീഗ്കാർ മാന്യമായി വസ്‌ത്രം ധരിക്കാതെ വാർഡുകളിൽ അശ്ലീലത്തോടെ പെരുമാറിയെന്ന പരാതിയും ഉണ്ട്.