മുംബയ്: മുംബയിലെ വീടിനോട് ചേർന്നുള്ള നാലുനില ഓഫീസ് കെട്ടിടം ക്വാറന്റൈനിൽ കഴിയുന്നവരെ പാർപ്പിക്കാൻ വിട്ടുകൊടുത്ത് ബോളിവുഡ് നടൻ ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും. ഇരുവരുടെയും പേഴ്സണൽ ഓഫീസാണിത്.
കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും താമസിക്കാനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഷാരൂഖിനും ഭാര്യയ്ക്കും നന്ദി അറിയിച്ച് ബ്രിഹാൻ മുംബയ് മുനിസിപ്പൽ കോർപറേഷൻ ട്വീറ്റ് ചെയ്തു. ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയിൻമെന്റ് ഇത് റീട്വീറ്റ് ചെയ്തു. നിമിഷങ്ങൾക്കകം SRKOfficeForQuarantine ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗായി.
കൊവിഡ് ബാധ രാജ്യത്ത് പടർന്നുപിടിച്ചപ്പോൾ തന്നെ കേന്ദ്ര സർക്കാരിന്റെയും മഹാരാഷ്ട്ര സർക്കാരിന്റെയും വിവിധ ദുരിതാശ്വാസ നിധികളിലേക്ക് ഷാരൂഖ് ഖാൻ സംഭാവന നൽകിയിരുന്നു. കൂടാതെ മഹാരാഷ്ട്ര, പശ്ചിമബംഗാൾ സർക്കാരുകൾക്ക് 50,000 പി.പി.ഇ കിറ്റുകൾ സംഭാവന ചെയ്യുകയും ഭക്ഷണവിതരണം നടത്തുകയും ചെയ്തിരുന്നു. ഇതോടെ കൊവിഡ് സഹായഹസ്തവുമായി ബോളിവുഡ് ഒന്നാകെ രംഗത്തിറങ്ങിയിരിക്കുകയാണ്.