kadammanitta

പത്തനംതിട്ട: ലോക്ക് ഡൗൺ കാലത്ത് ഒരു തുള്ളി മദ്യം കിട്ടാതെ വലയുന്നവരെക്കുറിച്ചുള്ള ചർച്ച കൊഴുക്കുമ്പോൾ ആരുടെയും പ്രേരണയില്ലാതെ ഒരു സുപ്രഭാതത്തിൽ കുടി നിറുത്തിയ കടമ്മനിട്ടയെ ഒാർക്കാം. കവിയരങ്ങുകളും ചൊൽക്കാഴ്ചകളും സജീവമായിരുന്ന എഴുപതുകളിലും എൺപതുകളിലും സഹൃദയ സംഘങ്ങളുടെ കാരണവരായിരുന്നു കടമ്മനിട്ട രമാകൃഷ്ണൻ. വിപുലമായ സൗഹൃദം. മദ്യത്തിൽമുങ്ങിയ ദിനരാത്രങ്ങൾ. കൂട്ടത്തിൽ സാഗരഗർജ്ജനം പോലുള്ള കവിതകളും.

വള്ളിക്കോട്ടെ വീട്ടിലേക്ക് വരാൻ പോലും നേരമില്ലാതെ കവിതയും സുഹൃത്തുക്കളുമായി അലഞ്ഞുനടന്ന അദ്ദേഹത്തിന്റെ പഴയ നാളുകൾ ഭാര്യ ശാന്തയുടെ ഒാർമ്മയിലുണ്ട്. വല്ലപ്പോഴും വീട്ടിൽ വരുമ്പോൾ കൂടെ പ്രശസ്തരും ആരാധകരുമായി വലിയൊരു സംഘമുണ്ടാകും. അവർക്കെല്ലാം ഭക്ഷണം നൽകണം. നന്നായി മദ്യപിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് വീടിന് ചുറ്റും കവിത ചൊല്ലി ഒാടി നടന്നിട്ടുണ്ട്. ജോൺ എബ്രഹാമിനെപ്പോലുള്ളവർ പല വിക്രിയകളും കാട്ടിയിട്ടുണ്ട്. ചിലർ പശുവിന്റെ കയറൂരിവിടും. ചിലർ ഛർദ്ദിക്കും. കുട്ടികൾക്ക് പഠിക്കാൻ കഴിയാത്ത വിധം ബഹളം വയ്ക്കും. ലക്കുകെട്ട് വരുന്ന വഴി വഴിയിൽ കാണുന്ന പരിചയക്കാരെയെല്ലാം ഉൗണുകഴിക്കാൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരും. മദ്യപാനം വിലക്കാൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ പലരും ശ്രമിച്ചിട്ടുണ്ട്, നടന്നില്ല.

1991ലാണ് മദ്യപാനം നിറുത്തിയത്. ആരും പറഞ്ഞിട്ടല്ല, സ്വയം തീരുമാനിച്ചതാണ്. അന്നൊരു ദിവസം പതിവുപോലെ നന്നായി മദ്യപിച്ചു. ഒരു ഗൾഫുകാരൻ സത്കരിച്ചതാണ്. ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയായി. ഒരു വിധത്തിൽ എഴുന്നേറ്റു. പിന്നെ നിറുത്താതെ ഛർദ്ദിക്കാൻ തുടങ്ങി. അപ്പോഴേക്കും കവിയരങ്ങിന് കൂട്ടിക്കൊണ്ടുപോകാൻ ആളെത്തി. പോകാൻ ആഗ്രഹമുണ്ടെങ്കിലും എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഇനി മദ്യപിക്കില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. പിന്നീട് പുകവലിയും മുറുക്കും നിറുത്തി.

മദ്യവും സർഗാത്മകതയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും മദ്യപിച്ച ശേഷം തനിക്ക് ഒരു വരിപോലും എഴുതാൻ കഴിഞ്ഞിട്ടില്ലെന്നും കടമ്മനിട്ട പറഞ്ഞിട്ടുണ്ട്.