ബെർലിൻ: കൊവിഡ് -19 ലോകമാകമാനം പിടിമുറുക്കിയതോടെ മാസ്‌കുകളുടെ പേരിൽ ലോകരാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ജർമ്മനിയിലേക്ക് മാസ്‌കുകൾ കൊണ്ടുവരികയായിരുന്ന വിമാനം ബാങ്കോക്കിൽ തടഞ്ഞുനിറുത്തി അമേരിക്കയിലേക്ക് കൊണ്ടുപോയെന്നാണ് ജർമ്മനിയുടെ ആരോപണം.
രണ്ട് ലക്ഷത്തോളം എൻ 95 മാസ്‌കുകളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഫ്രാൻസും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
‘ആധുനിക കാലത്തെ കൊള്ള’ എന്നാണ് ബെർലിൻ സ്റ്റേറ്റിന്റെ ആഭ്യന്തരമന്ത്രി ആൻഡ്രിയാസ് ജീസെൽ പറഞ്ഞത്. അമേരിക്ക രാജ്യാന്തര നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആൻഡ്രിയാസ് ജർമ്മൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വിപണിയിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിക്കൂട്ടാൻ ലോകരാജ്യങ്ങൾ തമ്മിൽ വൻ മത്സരമാണ് അരങ്ങേറുന്നത്. അതിനിടയിലാണ് അമേരിക്കയ്‍ക്കെതിരെ ജർമ്മനിയുടെ ആരോപണം.
3 എം എന്ന അമേരിക്കൻ കമ്പനിയ്ക്ക് വേണ്ടി ഒരു ചൈനീസ് കമ്പനിയാണ് മാസ്‌കുകൾ നിർമ്മിച്ച് നൽകുന്നത്. ജർമ്മനിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ബർലിനിൽ നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്നും 3 എം അറിയിച്ചു