u-prathibha-mla

കൊച്ചി: മാദ്ധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി കായംകുളം എം.എൽ.എ യു.പ്രതിഭ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എൽ.എ അക്കാര്യത്തിൽ വിശദീകരണം നൽകിയിരിക്കുന്നത്. 'മാദ്ധ്യമ പ്രവർത്തനത്തെക്കാൾ നല്ലത്, ശരീരം വിറ്റ് ജീവിക്കുന്നതാണ്. വേശ്യവൃത്തി ചെയ്യുന്ന സ്ത്രീകളുടെ കാൽ കഴുകിയ വെള്ളം കുടിച്ചുകൂടെ' എന്നായിരുന്നു പ്രതിഭ നേരത്തെ ഫേസ്ബുക്കിലൂടെ പറഞ്ഞത്. അത് വലിയ വിവാദമാകുകയും എം.എൽ.എയെ പാർട്ടി അതൃപ്തി അറിയിക്കുകയും ചെയ്തു.

അതിന് പിന്നാലെയാണ് വിശദീകരണം. തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നുണ്ടെങ്കിലും ഒരു സ്ത്രീയെന്ന എന്ന പരിഗണന വേണ്ട കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാദ്ധ്യമ പ്രവർത്തകർ കർ എന്നോട് കാണിച്ചില്ലെന്ന കുറ്റപ്പെടുത്തലും വിശദീകരണക്കുറിപ്പിലുണ്ട്.

പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുമായി ബന്ധപ്പെട്ട തർക്കം വാർത്ത ആയതാണ് എം.എൽ.എയെ പ്രകോപിപ്പിച്ചത്. പിന്നാലെ പ്രതിഭയെ തള്ളി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വവും സി.പി.ഐ ജില്ലാ നേതൃത്വവും പ്രതികരിച്ചു. പൊതു പ്രവർത്തകർക്ക് ചേരാത്ത നടപടി ആണ് പ്രതിഭയുടേതെന്നായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം, തുടർന്നാണ് എൽ.എൽ.എ ഫേസ്ബുക്കിലെ വിശദീകരണം.

പ്രതിഭ എം.എൽ.എയുടെ ഫേസ്ബുക്ക് കുറിപ്പ്

''പ്രിയ സുഹൃത്തുക്കളെ ,

ഒരു ഗ്രാമീണ ചുറ്റുപാടിൽ ജനിച്ചു വളർന്ന് അതേ പ്രദേശത്ത് പൊതുജീവിതം നയിക്കുന്ന സാധാരണക്കാരിയായ ഒരു ജനപ്രതിനിധി ആണ് ഞാൻ .തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടാൻ ജീവിതത്തിൽ ഒരു നിമിഷമേ മുന്നിലുള്ളു എങ്കിലും അത്രയും നേരം ആത്മാഭിമാനത്തോടെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. കേരളത്തിലെ അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവർത്തകർ എന്നോട് കാണിച്ചില്ല .എന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി.വ്യക്തിഹത്യ എന്റെ ശീലമല്ല.എന്നോട് അങ്ങനെ ചെയ്തവരോടും.

കാലാകാലങ്ങളിൽ ഞാൻ ക്ഷമിച്ചിട്ടേയുള്ളൂ.പക്ഷേ ഒന്നോർക്കണം നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും .അത്രയേ ഞാനും ചെയ്തുള്ളൂ. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ ഞാൻ ചിലത് തുറന്നു പറഞ്ഞു. അത് എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല .ഞാൻ ആദരിക്കുന്ന നിരവധി മാധ്യമ പ്രവർത്തകർ ഈ സമൂഹത്തിലുണ്ട്. മാധ്യമ പ്രവർത്തനം അന്തസ്സുള്ള സാമൂഹ്യപ്രവർത്തനം തന്നെയാണെന്ന് ഞാൻ കരുതുന്നു..എന്നാൽ സമൂഹത്തിൽ മൊത്തത്തിൽ സംഭവിച്ച മൂല്യശോഷണം മാധ്യമ പ്രവർത്തന മേഖലയിലും ഉണ്ടായി.അവരെ സംബന്ധിച്ച് (അതായത് മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവർത്തകരെ സംബന്ധിച്ച് മാത്രം) വാർത്ത ഓർഗനൈസ്ഡ് ഗോസിപ്പ് ആണ് .ഇത്തരക്കാരോട് ആണ് ഞാൻ പ്രതികരിച്ചത്.

മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല എന്നാൽ അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.എല്ലാവരെയും കുറച്ചുകാലത്തേക്ക് വിഡ്ഢികളാക്കാം എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വിഡ്ഢികളാക്കാൻ കഴിയില്ല എന്ന് എബ്രഹാംലിങ്കൺ പറഞ്ഞുവെച്ചിട്ടുണ്ട് . എനിക്കും ഇത്രയേ പറയാനുള്ളൂ.