തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായി മാസ്‌ക് നിർമ്മിച്ച് നൽകുകയാണ് ആനയറ സ്വദേശി തങ്കമണി. കുടുംബശ്രീ കടകംപള്ളി വാർഡ് എ.ഡി.എസ് കൂടിയായ തങ്കമണി മാസ്‌ക് ക്ഷാമം അനുഭവപ്പെട്ടതോടെയാണ് നിർമ്മാണം ആരംഭിച്ചത്. ഇവ ജനാധിപത്യ മഹിളാ അസോസിയേഷൻ വഞ്ചിയൂർ ഏരിയാ കമ്മിറ്റിക്കും പേട്ട പൊലീസ് സ്റ്റേഷനിലും നൽകി. ബാക്കിയുള്ളവ കടകംപള്ളി സോഷ്യൽ വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വഴി വിതരണം ചെയ്യും. തയ്യൽക്കാരായ കൂടുതൽ വനിതകളെ ഉൾപ്പെടുത്തി സൗജന്യ മാസ്‌ക് നിർമ്മാണം തുടരുമെന്ന് സി.പി.എം ആനയറ കമ്പിക്കകം ബ്രാഞ്ച് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ തങ്കമണി പറഞ്ഞു.