മുംബയ്: പ്രതിരോധ നടപടികൾ മറികടന്ന് മുംബയിലെ ചേരികളിൽ കൊവിഡ് -19 വ്യാപിക്കുന്നതായി ആശങ്ക. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിലെ 35കാരനായ ഡോക്ടർക്കും പവായ് മേഖലയിലെ ചേരിനിവാസിയായ 35കാരനും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. 10 ലക്ഷത്തിലേറെപ്പേർ തിങ്ങിപ്പാർക്കുന്ന ധാരാവിയിൽ രോഗം സ്ഥിരീകരിക്കപ്പെട്ട മൂന്നാമത്തെയാളാണ് ഡോക്ടർ. പ്രദേശത്ത് ക്ലിനിക് നടത്തുന്ന ഇയാൾ വോഖഡിലെ സ്വകാര്യ ആശുപത്രിയിലും ജോലിചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഏഴു മലയാളി നഴ്സുമാരും ജോലിചെയ്യുന്നത് ഇവിടെയാണ്. ഇതോടെ ധാരാവിയിൽ 4000 ഒാളം പേർ നിരീക്ഷണത്തിലാണ്.
ധാരാവിക്ക് പുറമെ കലീന, ഘാട്കൂപ്പർ, പവായ്, വർളി ചേരികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം കണ്ടെത്തിയവർ താമസിച്ച കെട്ടിടങ്ങളും പരിസര പ്രദേശങ്ങളും സീൽ ചെയ്തു. ബുധനാഴ്ച ധാരാവിയിലെ ഗാർമെന്റ് കടയുടമയായ 56കാരൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ചേരിയാണ് വർളി കോളിവാഡ. രോഗം സ്ഥിരീകരിച്ച ഡോക്ടർ ധാരാവിയിലേക്ക് പ്രവേശിക്കുന്നിടത്താണ് താമസിക്കുന്നതെങ്കിലും ക്ലിനിക്കിൽ വരുന്നവരിൽ മിക്കവരും ചേരിയിൽ കഴിയുന്നവരാണ്.
മലയാളികൾക്ക് സമ്പർക്കം?
മുംബയിലെ ധാരാവിയിൽ മരിച്ച 56കാരൻ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് മുംബയ് പൊലീസിന്റെ വെളിപ്പെടുത്തൽ. സമ്മേളനത്തിൽ പങ്കെടുത്തശേഷം മുംബയിലെത്തിയ സംഘത്തിന് താമസസൗകര്യം ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ഇവർ കോഴിക്കോടേക്കാണ് മടങ്ങിയതെന്ന് പൊലീസ് പറയുന്നു.
മാർച്ച് 22നാണ് നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത പത്തംഗ സംഘം മുംബയിൽ എത്തിയത്. ഇതിൽ നാലുപേർ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. താമസസൗകര്യം അന്വേഷിച്ച ഇവരെ ധാരാവിയിലെ പള്ളിയിൽ നിന്ന് 56 കാരൻ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.